ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ കബളിപ്പിച്ച് 42-ാം മിനുറ്റില്‍ സാദ് ഉദ്ദിന്‍ ആണ് ബംഗ്ലാ കടുവകള്‍ക്കായി വലകുലുക്കിയത്. 

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ആദ്യ പകുതിയില്‍ മുന്നില്‍. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിനെ കബളിപ്പിച്ച് 42-ാം മിനുറ്റില്‍ സാദ് ഉദ്ദിന്‍ ആണ് ബംഗ്ലാ കടുവകള്‍ക്കായി വലകുലുക്കിയത്. 

കിക്കോഫായി അഞ്ചാം മിനുറ്റില്‍ തന്നെ ഇന്ത്യ ആദ്യ ആക്രമണമുതിര്‍ത്തു. മലയാളി താരം ആഷിഖ് കുരുണിയന്‍റെ പാസില്‍ നിന്ന് നായകന്‍ സുനില്‍ ഛേത്രിയുടെ വോളി ഗോളിയുടെ കൈകളില്‍. 31--ാം മിനുറ്റില്‍ അദിലന്‍റെ പിഴവില്‍ നിന്ന് ബംഗ്ലാദേശ് താരം ബിപ്ലോയുടെ മുന്നേറ്റം ഗോള്‍മുഖത്ത് എത്തിയെങ്കിലും അനസ് എടത്തൊടിക തട്ടിത്തെറിപ്പിച്ചത് ഇന്ത്യക്ക് ആശ്വാസമായി. 35-ാം മിനുറ്റില്‍ മന്‍വീറിന്‍റെ ലോംഗ് ത്രോയില്‍ നിന്ന് രാഹുല്‍ ബേക്കേയുടെ ഹെഡര്‍ ബംഗ്ലാ ഗോളി തട്ടിയകറ്റുകയും ചെയ്തു. 

തൊട്ടുപിന്നാലെ അനസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്‌ദുല്‍ സമദും ആദ്യ പകുതിയില്‍ മികച്ച ശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും ഫലം കണ്ടില്ല. അനസ് എടത്തൊടികയുടെ ക്ലിയറന്‍സും നിര്‍ണായകമായി. എന്നാല്‍ ജമാന്‍ ബുയാന്‍റെ പറന്നിറങ്ങിയ‍ ഫ്രീകിക്കില്‍ നിന്ന് സാദ് ഉദ്ധിന്‍റെ തലോടലോടെ നിര്‍ണായക ലീഡ് നേടി ബംഗ്ലാദേശ് ആദ്യ പകുതിക്ക് പിരിയുകയായിരുന്നു. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സഹല്‍ അബ്‌ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ സൂപ്പര്‍ ഡിഫന്‍റര്‍ സന്ദേശ് ജിംഗാന് പകരമാണ് അനസ് ഇടംപിടിച്ചത്. പനി മൂലം കഴിഞ്ഞ മത്സരം നഷ്ടമായ നായകന്‍ സുനില്‍ ഛേത്രിയുടെ തിരിച്ചുവരവും ശ്രദ്ധേയമായി. 

ഗ്രൂപ്പ് ഇയിലെ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഒമാനോട് തോറ്റതോടെ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാമതാണിപ്പോള്‍ ഇന്ത്യ. ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്തും.