നായകന്‍ സുനില്‍ ഛേത്രി തിരിച്ചെത്തിയപ്പോള്‍ മൂന്ന് മലയാളി താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്

കൊല്‍ക്കത്ത: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയമൊരുങ്ങി. നായകന്‍ സുനില്‍ ഛേത്രി തിരിച്ചെത്തിയപ്പോള്‍ മൂന്ന് മലയാളി താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സഹല്‍ അബ്‌ദുള്‍ സമദും ആഷിഖ് കുരുണിയനും അനസ് എടത്തൊടികയും ഇലവനിലെത്തി.

Scroll to load tweet…

ഗ്രൂപ്പ് ഇയിലെ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 2011ന് ശേഷം ആദ്യമായാണ് കൊല്‍കത്തയില്‍ ടീം ഇന്ത്യ കളിക്കുന്നത്. പരുക്ക് മാറിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരിച്ചെത്തുമ്പോള്‍ സന്ദേശ് ജിംഗാന്റെ അഭാവം തിരിച്ചടിയാവും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ സന്നാഹമത്സരത്തിലാണ് ജിംഗാന് പരിക്കേറ്റത്. 

ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ ഉജ്ജ്വല ഫോം ഇന്ത്യക്ക് കരുത്താവും. ഒമാനോട് തോറ്റതോടെ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാമതാണിപ്പോള്‍ ഇന്ത്യ. ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്തും. 

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104ഉം ബംഗ്ലാദേശ് 187ഉം സ്ഥാനത്താണ്. ഇരുടീമും 28 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 11 കളിയില്‍ ജയിച്ചപ്പോള്‍ 15 മത്സരം സമനിലയിലായി. ബംഗ്ലാദേശിന് ജയിക്കാനായത് രണ്ട് കളിയില്‍ മാത്രം. അവസാനം ഏറ്റുമുട്ടിയത് 2014 മാര്‍ച്ചില്‍. ഇരുടീമും രണ്ടുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.