Asianet News MalayalamAsianet News Malayalam

മൂന്നല്ല ഇനി അഞ്ച് പകരക്കാര്‍; ഫുട്ബോളിലെ വലിയ പരിഷ്കാരം നടപ്പാക്കി ഫിഫ

അഞ്ച് പകരക്കാരെ ഇറക്കുമ്പോഴുള്ള സമയനഷ്ടം ഒഴിവാക്കാനായി പരമാവധി മൂന്ന് സ്ലോട്ടുകളായി(ഇടവേള ഒഴികെ) പകരക്കാരായ കളിക്കാരെ കളത്തിലറക്കണമെന്നും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്.

FIFA allows Five substitutions per team to be allowed on temporary basis
Author
Zürich, First Published May 8, 2020, 9:00 PM IST

സൂറിച്ച്: കൊവിഡ് 19നെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഫുട്ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുമ്പോള്‍ ഓരോ മത്സരത്തിലും ടീമുകള്‍ക്ക് അഞ്ച് പകരക്കാരെ ഇറക്കാന്‍ ഫിഫ അനുമതി. ഫിഫ മുന്നോട്ടുവെച്ച നിര്‍ദേശം ഫുട്ബോള്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡും(ഐ.എഫ്‌.എ.ബി.) അംഗീകരിച്ചതോടെയാണ് ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ഫിഫ പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. നിലവില്‍  നിശ്ചിത സമയത്ത് മൂന്ന് പകരക്കാരെയാണ് ടീമുകള്‍ക്ക് ഇറക്കാന്‍ കഴിയുക.

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച വിവിധ രാജ്യങ്ങളിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തിരക്കിട്ട മത്സരക്രമം തന്നെ വേണ്ടിവരും. വിശ്രമമില്ലാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നത് കളിക്കാരുടെ ജോലിഭാരം കൂടാനും പരിക്കേല്‍ക്കാനും ഇടയാക്കും. ഇതൊഴിവാക്കാനായാണ് ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ ഇറക്കാമെന്ന മാര്‍ഗനിര്‍ദേശം  ഫിഫ നടപ്പിലാക്കുന്നത്.

അഞ്ച് പകരക്കാരെ ഇറക്കുമ്പോഴുള്ള സമയനഷ്ടം ഒഴിവാക്കാനായി പരമാവധി മൂന്ന് സ്ലോട്ടുകളായി(ഇടവേള ഒഴികെ) പകരക്കാരായ കളിക്കാരെ കളത്തിലറക്കണമെന്നും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. വാര്‍(വീഡ‍ിയോ അസിസ്റ്റ് റഫറി) സംവിധാനം തുടരണോ എന്ന കാര്യത്തിലും അതാത് ലീഗുകള്‍ക്കും സംഘാടകര്‍ക്കും തീരുമാനിക്കാനുള്ള അധികാരവും ഫിഫ നല്‍കിയിട്ടുണ്ട്.

Also Read:ലാ ലിഗ ഉപേക്ഷിച്ചാല്‍ ബാഴ്സയെ ജേതാക്കളായി പ്രഖ്യാപിക്കരുതെന്ന് കോര്‍ട്വാ

നിശ്ചിത സമയകത്ത് അഞ്ച് സബ്സ്റ്റിറ്റ്യൂഷനും എക്സ്ട്രാ ടൈമിലേക്ക് പോകുന്ന മത്സരങ്ങളില്‍ ഒരു പകരക്കാരനെ കൂടി ഇറക്കാനുമാണ് ഫിഫ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സീസണിലെയും അടുത്ത സീസണിലെയും ലീഗ് മത്സരങ്ങള്‍ക്കും അടുത്തവര്‍ഷം ഡിസംബര്‍ 31വരെയുള്ള രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ക്കും മാത്രമായിരിക്കും പുതിയ ഭേദഗതി ബാധകമാകുക.

Also Read:ഇവന്‍ നമ്മളുടെ സ്വന്തം മെസി; മിഷാലിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മത്സരങ്ങള്‍ നടത്തുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും വ്യക്തമാക്കിയാല്‍ മാത്രമെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാവൂവെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios