സുറിച്ച്: 2020ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരമായി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് സുവര്‍ണ നേട്ടം ലെവന്‍ഡോവസ്കി സ്വന്തമാക്കിയത്.

2018ല്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയതൊഴിച്ചാല്‍ മെസിയും റൊണാണ്‍ഡോയും അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ലെവന്‍ഡോവസ്കി. ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് ലെവന്‍ഡോവസ്കി. രണ്ടാം സ്ഥാനത്ത് എത്തിയത് റൊണാള്‍ഡോയാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയി കൂടിയായ മെസി മൂന്നാമതെത്തി.

ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി. ഏറ്റവും മികച്ച ആരാധകന് നല്‍കുന്ന ഫിഫ ഫാന്‍ പുരസ്കാരം ഇത്തവണ ബ്രസീല്‍ ക്ലബ്ബായ റെസിഫെയുടെ മാരിവാള്‍ഡോ ഫ്രാന്‍സിസ്കോ ഡാ സില്‍വയ്ക്ക് ലഭിച്ചു. തന്‍റെ ടീമിന്‍റെ ഹോം മത്സരങ്ങള്‍ കാണാനായി 60 കിലോമീറ്ററാണ് മാരിവാള്‍ഡോ നടന്ന് എത്തുന്നത്. 

ടോട്ടനത്തിന്‍റെ മിന്നും താരം സണ്‍ ഹ്യൂംഗ് മിന്‍ ബേണ്‍ലിക്കെതിരെ നേടിയ ഗോളിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ലഭിച്ചത്. സ്വന്തം പെനാല്‍റ്റി ബോക്സിന് സമീപത്ത് വച്ച് പന്ത് ലഭിച്ച സണ്‍ ഒറ്റയ്ക്ക് കുതിച്ചെത്തി ലോകത്തെയാകെ ഞെട്ടിച്ച വണ്ടര്‍ ഗോളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേടിയത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ വര്‍ഷങ്ങള്‍ നീണ്ട കിരീട വളര്‍ച്ചയ്ക്ക് അന്ത്യം കുറിച്ച  പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനാണ് ഇത്തവണയും മികച്ച പുരുഷ ടീമിന്‍റെ പരിശീലകനുള്ള പുരസ്കാരം. കഴിഞ്ഞ തവണ ലിവറിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചപ്പോഴും ക്ലോപ്പിനെ തേടി ഈ പുരസ്കാരം എത്തിയിരുന്നു. വനിത വിഭാഗത്തില്‍ 2019 ലോകകപ്പില്‍ നെതര്‍ലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച പരിശീലക സെറീന വെയ്ഗ്മാനാണ് പുരസ്കാരം സ്വന്തമാക്കിയത്. 

ബയേണിന്‍റെയും ജര്‍മനിയുടെയും വല കാക്കുന്ന മാന്വല്‍ ന്യൂയറിനാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം. ബയേണിനായി ബുണ്ടസ്‍ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും അസാമാന്യ പ്രകടനമാണ് ഈ സൂപ്പര്‍ സ്റ്റോപ്പര്‍ കാഴ്ചവെച്ചത്. ഫ്രാന്‍സിന്‍റെ സാറ ബൗഹാദിയാണ് വനിതകളില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ഫിഫയുടെ ലോക ഇലവനില്‍ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയും അടക്കമുള്ള പ്രമുഖര്‍ ഇടം നേടി. 

ഫിഫ ലോക പുരുഷ ടീം

Alisson Becker (GK); Trent-Alexander Arnold , Sergio Ramos, Virgil van Dijk, Alphoso Davies; Kevin de Bruyne, Thiago Alcantara, Joshua Kimmich; Lionel Messi, Robert Lewandowski, Cristiano Ronaldo

ഫിഫ ലോക വനിതാ ടീം

Christiane Endler; Lucy Bronze, Wendie Renard, Millie Bright, Delphine Cascarino; Barbara Bonansea, Veronica Boquete, Megan Rapinoe; Pernille Harder, Vivianne Miedema, Tobin Heath.

അന്തരിച്ച ഇതിഹാസ താരങ്ങളായ അര്‍ജന്‍റീനയുടെ ഡിയഗോ മറഡോണയ്ക്കും ഇറ്റലിയുടെ പൗളോ റോസിക്കും ആദരമര്‍പ്പിച്ച ശേഷമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒപ്പം ഇംഗ്ലണ്ടിലെ കുട്ടികളുടെ പട്ടിണി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷഫോര്‍ഡിന് ഫിഫ ഫൗണ്ടേഷന്‍ പുരസ്കാരം നല്‍കി കൊണ്ടാണ് പ്രഖ്യാപനങ്ങള്‍ തുടങ്ങിയതും.