സൂറിച്ച്: അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കേണ്ട അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി. കൊവിഡ്  വ്യാപനം കാരണമാണ് തീരുമാനം എന്ന് രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. കൊവിഡ് വൈറസ് രോഗ വ്യാപനം മൂലം ലോകകപ്പിന്‍റെ യോഗ്യതാ മത്സരങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അടുത്ത വര്‍ഷത്തെ ലോകകപ്പിന് പകരം 2022ലെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഫിഫ തീരുമാനിച്ചു. ഈ മാസമാണ് ലോകകപ്പ് യഥാര്‍ത്ഥത്തിൽ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം ഇത് 2021 ഫെബ്രുവരിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2021 ഫെബ്രുവരിയിലും ടൂര്‍ണമെന്‍റ് സാധ്യമാവില്ലെന്ന വിലയിരുത്തിലാണ് ടൂര്‍ണമെന്‍റ് പൂര്‍ണമായും റദ്ദാക്കാനും പകരം അടുത്ത ലോകകപ്പ് അനുവദിക്കാനും തീരമാനമായത്.

2019 മാര്‍ച്ചിലാണ് ഫിഫ വനിതാ ലോകകപ്പ് ഇന്ത്യക്ക് അനുവദിച്ചത്. ഇന്ത്യയിലെ വനിതാ ലോകകപ്പിന് പുറമെ കോസ്റ്റോറിക്ക വേദിയാവേണ്ട അണ്ടര്‍ 20 ലോകകപ്പും 2022ലേക്ക് മാറ്റിയിട്ടുണ്ട്. ലോകകപ്പുകള്‍ ഇനിയും നീട്ടിവെക്കുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് 2022ലെ ലോകകപ്പ് വേദികള്‍ ഈ രണ്ട് രാജ്യത്തിനും അനുവദിക്കാന്‍ തീരുമാനമായത്.