ദോഹ: ക്ലബ് ലോകകപ്പില്‍ ലിവര്‍പൂളിന് ഇന്ന് സെമി പോരാട്ടം. കോൺകാഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ മെക്‌സിക്കന്‍ ക്ലബ് മോണ്ടെറിയാണ് എതിരാളികള്‍. ഖത്തറില്‍ ഇന്ത്യന്‍ സമയം രാത്രി 11ന് ആണ് മത്സരം.

തുടര്‍ച്ചയായ മത്സരങ്ങളില്‍ നീരസം ഉണ്ടെങ്കിലും 100 ശതമാനം ആത്മാര്‍ത്ഥയോടെ കളിക്കുമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ബാഴ്‌സലോണ മുന്‍ താരം ചാവി പരിശീലകനായ ഖത്തര്‍ ക്ലബ് അൽസാദിനെ തോൽപ്പിച്ചാണ് മൊണ്ടേറി സെമിയിലെത്തിയത്. ക്ലബ്ബ് ലോകകപ്പിലെ ആദ്യ കിരീടമാണ് ലിവര്‍പൂളിന്‍റെ ലക്ഷ്യം.

ഫൈനലില്‍ ലിവര്‍പൂളും ബ്രസീലിയന്‍ ചാംപ്യന്മാരായ ഫ്ലെമെംഗോയും ഏറ്റുമുട്ടുമെന്നാണ് പ്രവചനം. ആദ്യ സെമിയില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഫ്ലെമെംഗോ ഫൈനലിലെത്തിയത്. ജോര്‍ജിയന്‍, ബ്രൂണോ, അലി എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഹിലാലിന്‍റെ ഏക ഗോള്‍ സലീം നേടി.