ദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ നെറുകയില്‍ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും വിജയനൃത്തം. ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ കിരീടം ലിവർപൂള്‍ സ്വന്തമാക്കി. ദോഹയിൽ നടന്ന ഫൈനലിൽ ബ്രസീൽ ക്ലബ് ഫ്ലെമെംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്.

ചാമ്പ്യൻസ് ലീഗ് കിരീടജേതാക്കളെ പേടിക്കാതെ പൊരുതിയ ഫ്ലെമംഗോ പലപ്പോഴും ചെമ്പയെ ഞെട്ടിച്ചു. എന്നാല്‍ ഒരു ബ്രസീലുകാരൻ ബ്രസീലിൽ നിന്നെത്തിയ ഫ്ലെമെഗോയുടെ കഥ കഴിച്ചു. റോബർട്ടോ ഫിർമിനോയുടെ ഈയൊരു ഗോൾ മാത്രമായിരുന്നു ഇരുടീമുകളും തമ്മിലുള്ള അകലം. ഗോൾപിറക്കാത്ത ഇരുപകുതിക്കും ശേഷം അധികസമയത്തിന്‍റെ 99-ാം മിനുട്ടിലായിരുന്നു ഫിർമിനോയുടെ വിജയഗോൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് ലിവർപൂൾ. സ്റ്റീവൻ ജെറാദുൾപ്പെടെയുള്ള വിഖ്യാത താരങ്ങൾക്ക് സാധിക്കാത്തത് ക്ലോപ്പിന്‍റെ കുട്ടികൾ നേടി. ഇത്തവണ ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും കയ്യിലെടുത്ത ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിലും മുന്നിലാണ്.