Asianet News MalayalamAsianet News Malayalam

ക്വാര്‍ട്ടറിലെ കയ്യാങ്കളി; അര്‍ജന്റീനയ്ക്കും നെതര്‍ലന്‍ഡ്‌സിനുമെതിരെ ഫിഫയുടെ അന്വേഷണം, പിഴ ചുമത്തിയേക്കും

അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരഡേസ് നെതര്‍ലന്‍ഡ്‌സ് ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ചുകയറ്റിയതിന് പിന്നാലെയാണ് കയ്യാങ്കളിക്ക് തുടക്കമായത്. ഡച്ച് താരങ്ങള്‍ പരഡേസിനെ പൊതിഞ്ഞു.

FIFA opens disciplinary case against Argentina and Netherlands
Author
First Published Dec 11, 2022, 4:41 PM IST

ദോഹ: അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യത. ക്വാര്‍ട്ടറില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തിരുന്നു. റഫറിക്ക് 17 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടിവന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പുറത്തെടുത്ത മത്സരം കൂടിയായിരുന്നിത്. 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീന 18 ഫൗളുകളും വച്ചു. ഇതിനിടെ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മത്സരശേഷവും അത് തുടര്‍ന്നു. 

അഞ്ച് മഞ്ഞക്കാര്‍ഡുകളിലോ അതിന് മുകളിലോ അവസാനിക്കുന്ന മത്സരങ്ങളെ കുറിച്ച് സാധാരണ ഗതിയില്‍ ഫിഫ അന്വേഷിക്കാറുണ്ട്. ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫിഫ വിശദീകരിക്കുന്നതിങ്ങനെ. ''അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നിട്ടുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനും പിഴയിടും.'' ഫിഫ വ്യക്തമാക്കി. എന്നാല്‍ ശിക്ഷാനടപടി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായിട്ടില്ല. ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടായിരിക്കും. 

അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരഡേസ് നെതര്‍ലന്‍ഡ്‌സ് ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ചുകയറ്റിയതിന് പിന്നാലെയാണ് കയ്യാങ്കളിക്ക് തുടക്കമായത്. ഡച്ച് താരങ്ങള്‍ പരഡേസിനെ പൊതിഞ്ഞു. ഇതിനിടെ വിര്‍ജില്‍ വാന്‍ ഡിക് ഒരു അര്‍ജന്റൈന്‍ താരത്തെ തള്ളി നിലത്തിടുകയും ചെയ്തിരുന്നു. അതേസമയം, അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കും അച്ചടക്ക നടപടി നേരിടേണ്ടി വരും. നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാലിനെതിരെ പ്രകോപനമായി പെരുമാറിയതിനായിരിക്കും നടപടി. മാത്രമല്ല, മത്സരത്തിന്റെ റഫറിയിംഗിനെ മെസി വിമര്‍ശിച്ചതും അന്വേഷണം പരിധിയില്‍ വരും. 

മത്സരശേഷവും വാക്കുതര്‍ക്കമുണ്ടായി. മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മെസി നെതര്‍ലന്‍ഡ്സ് കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ മുഖത്ത് നോക്കി സംസാരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അഭിമുഖം നല്‍കുമ്പോള്‍ മെസിയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയ ഡച്ച് താരം വൗട്ടിനെ 'ഫൂള്‍' എന്ന് മെസി വിളിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം പ്ലെയേര്‍സ് ടണലില്‍ വച്ച് മെസിയും വൗട്ടും തമ്മില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. ഈ സംഭവങ്ങളെ പറ്റിയാണ് വൗട്ട് ഇപ്പോള്‍ തന്റെ ഭാഗം വിശദീകരിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച്ചയാണ് ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍. അര്‍ജന്റീന ക്രൊയേഷ്യയെയാണ് നേരിടുന്നത്. രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.

'ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും'; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

Follow Us:
Download App:
  • android
  • ios