ദില്ലി: ഫിഫ ലോകകപ്പിന്‍റെയും ഏഷ്യന്‍ കപ്പ് 2023ന്‍റെയും യോഗ്യത മത്സരങ്ങള്‍ ഈ വര്‍ഷം നടക്കില്ല. മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ചേര്‍ന്ന് തീരുമാനിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. മാറ്റിവച്ച എല്ലാ മത്സരങ്ങളും 2021ലേക്ക് പുനഃക്രമീകരിക്കും. 

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചത്. ഇതോടെ ഛേത്രിപ്പടയുടെ പോരാട്ടങ്ങള്‍ കാണാന്‍ അടുത്ത വര്‍ഷം വരെ ആരാധകര്‍ കാത്തിരിക്കണം. ഖത്തറിനെതിരെ ഒക്‌ടോബര്‍ എട്ടിനും നവംബറില്‍ അഫ്‌ഗാനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യന്‍ ടീം കളത്തിലിറങ്ങേണ്ടിയിരുന്നതാണ്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഒമാനെതിരെ 2019 നവംബറിലാണ് നീലപ്പട അവസാനം ബൂട്ടണിഞ്ഞത്.

ഏഷ്യയിലെ കൊവിഡ് വ്യാപനം ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തര്‍ 13 പോയിന്‍റുമായി ഒന്നാമതും ഒമാന്‍ ഒരു പോയിന്‍റ് പിന്നിലായി രണ്ടാമതുമുണ്ട്. എട്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരും മികച്ച നാല് റണ്ണേഴ്‌സ് അപ്പും ലോകകപ്പിന് യോഗ്യത നേടും. ലോകകപ്പ് യോഗ്യത റൗണ്ടില്‍ മാര്‍ച്ചിലും ജൂണിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളും വൈകിയിട്ടുണ്ട്. 

ബാ​ഴ്സ​ലോ​ണ​യു​ടെ താ​ര​ത്തി​നും കൊവി​ഡ്; പേര് പുറത്തുവിടാതെ ക്ലബ്