ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയെ നേരിടും. കൂടാതെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനെയും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വലന്‍സിയയെയും നേരിടുന്നുണ്ട്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ രാത്രി ഒന്‍പതിന് മുന്‍ ചാന്പ്യന്‍മാരായ ചെല്‍സിയെ നേരിടും. കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളി മറികടക്കാനാണ് ആഴ്‌സണല്‍ ഇറങ്ങുന്നത്. കിരീടം വീണ്ടെടുക്കാന്‍ ചെല്‍സിയും. സീസണിലെ ആദ്യരണ്ട് കളിയും ജയിച്ച ആഴ്‌സണലും ചെല്‍സിയും മുഖാമുഖം നില്‍ക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ത്രസിപ്പിക്കുന്ന പോരാട്ടം. മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ നാല് ഗോള്‍ നേടിയപ്പോള്‍ ഒറ്റഗോളും വഴങ്ങിയില്ല. ചെല്‍സിയാവട്ടേ ഏഴ് ഗോളടിച്ചപ്പോള്‍ അഞ്ചെണ്ണം തിരിച്ചുവാങ്ങി.
പ്രതിരോധ നിരയിലെ വിള്ളലുകള്‍ തന്നെയാവും ചെല്‍സി കോച്ച് സാബി അലോന്‍സോയുടെ പ്രധാന ആശങ്ക. കോള്‍ പാമര്‍, യാവോ പെഡ്രോ, മോര്‍ഗന്‍ റോജേഴ്‌സ് എന്നിവരുടെ സ്‌കോറിംഗ് മികവില്‍ ചെല്‍സിക്ക് പ്രതീക്ഷയേറെ. ബുക്കായോ സാക്ക പരിക്ക് മാറി പഴയ ഫോമിലേക്ക് എത്തിയത് ആഴ്‌സണലിന് ആശ്വാസം. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കവും ഗണ്ണേഴ്‌സിനൊപ്പം. പ്രധാന താരങ്ങളുടെ പരിക്ക് ഇരുടീമിനും ഒരുപോലെ പ്രതിസന്ധി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. എവര്‍ട്ടനാണ് എതിരാളി.
എവര്‍ട്ടന്റെ മൈതാനത്ത് വൈകിട്ട് ആറരയ്ക്കാണ് കളിതുടങ്ങുക. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും, ഹോംഗ്രൗണ്ടില്‍ ഗോള്‍വര്‍ഷത്തോടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജയിച്ച് തുടങ്ങിയ എവര്‍ട്ടന്‍ രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി.
ബാഴ്‌സലോണ ഇന്നിറങ്ങും
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് വലന്‍സിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴേമുക്കാലിന് വലന്‍സിയയുടെ മൈതാനത്താണ് മത്സരം. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ബാഴ്‌സ ഇറങ്ങുന്നത്. വലന്‍സിയയ്ക്ക് സീസണില്‍ ഇതുവരെ ജയിക്കാനായിട്ടില്ല.

