ബ്രസീല്‍- അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളോട് വിശദീകരണം തേടിയെന്നും, ഇവ വിശദമായി അച്ചടക്ക സമിതി പരിശോധിക്കുമെന്നും ഫിഫ അറിയിച്ചു.

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തടസ്സപ്പെട്ട ബ്രസീല്‍- അര്‍ജന്റീന മത്സരത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി ഫിഫ. അച്ചടക്ക സമിതി പരിശോധന തുടങ്ങിയെന്ന് രാജ്യാന്തര ഫുട്‌ബോള്‍ സംഘടന വ്യക്തമാക്കി. ബ്രസീല്‍- അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളോട് വിശദീകരണം തേടിയെന്നും, ഇവ വിശദമായി അച്ചടക്ക സമിതി പരിശോധിക്കുമെന്നും ഫിഫ അറിയിച്ചു.

റഫറിമാരും മാച്ച് കമ്മീഷണറും നേരത്തെ ഇതുസംബന്ധിച്ച് ഫിഫയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. അര്‍ജന്റീനന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസ്, എമിലിയാനോ ബുണ്ടിയ, ജിയോവനിലൊ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവര്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് മത്സരം തടസ്സപ്പെടുത്തിയിരുന്നു.

എന്നാല്‍ ടീം മൂന്ന് ദിവസങ്ങളായി ബ്രസീലില്‍ ഉണ്ടായിരുന്നെന്നും മത്സരം തുടങ്ങിയ ശേഷമല്ല ഇത്തരം നടപടികള്‍ ഉണ്ടാവേണ്ടതെന്നും അര്‍ജന്റീന ക്യാപ്റ്റന്‍ ലിയോണല്‍ മെസി പ്രതികരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ പൊലീസ് കൂടി ഇടപെട്ടതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.