കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിന്‍റെ അന്തിമ പട്ടികയിൽ മെസിയെ എത്തിച്ചത് കോപ്പ അമേരിക്കയിൽ അര്‍ജന്‍റീനയുടെ കിരീടം നേട്ടമാണ്

സൂറിച്ച്: ഫിഫ ദി ബെസ്റ്റ് (FIFA The Best 2021) പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരമാകാന്‍ മത്സരിക്കുന്നത് ലിയോണല്‍ മെസി (Lionel Messi), മുഹമ്മദ് സലാ (Mohamed Salah), റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (Robert Lewandowski) എന്നിവരാണ്. ബാലൺ ഡി ഓറിന് (Ballon d'Or 2021) പിന്നാലെ ദി ബെസ്റ്റ് പുരസ്‌കാരവും ലിയോണൽ മെസി ഉയര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. 

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിന്‍റെ അന്തിമ പട്ടികയിൽ മെസിയെ എത്തിച്ചത് കോപ്പ അമേരിക്കയിൽ അര്‍ജന്‍റീനയുടെ കിരീടം നേട്ടമാണ്. അതേസമയം കഴിഞ്ഞ തവണ നേടിയ പുരസ്‌‌കാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാകും ബയേൺ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. 41 ഗോളുകളുമായി ബുണ്ടസ്‍‍ലീഗയിൽ റെക്കോര്‍ഡിട്ട പോളിഷ് താരം യൂറോപ്പിലെ ടോപ്സ്കോറര്‍ക്കുള്ള സുവര്‍ണ പാദുകം നേടിയിരുന്നു.

രണ്ട് വട്ടം ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് മെസിക്കും ലെവന്‍ഡോവ്സിക്കും മുന്നിൽ. ലിവര്‍പൂളിനായി മിന്നും ഫോമിലുള്ള മുഹമ്മദ് സലായാണ് ചുരുക്കപ്പട്ടികയിലെ മൂന്നാമന്‍. 2018ലെ മൂന്നാമതെത്തിയ ശേഷം ആദ്യമായാണ് സലാ അന്തിമപട്ടികയിലെത്തുന്നത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനായി ബാഴ്‌സലോണയുടെ അലക്‌സിയ പ്യൂട്ടെയാസ്, ജെനിഫര്‍ ഹോര്‍മോസോ ചെൽസിയുടെ സാം കെര്‍ എന്നിവര്‍ മത്സരിക്കും. ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോള്‍ ലേഖകരും ആരാധകരും പങ്കെടുക്കുന്ന വോട്ടെടുപ്പിൽ ഒന്നാമതെത്തുന്നയാള്‍ക്ക് ഈ മാസം 17ന് പുരസ്‌കാരം സമ്മാനിക്കും. 

Scroll to load tweet…

Best FIFA Men’s Coach : ലിയോണൽ സ്‌കലോണിയില്ല! ഫിഫ ബെസ്റ്റ് കോച്ച് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു