ഇതിന് പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജിക്കാണ് (SAOT) ഫിഫ അനുമതി നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വാര്‍ പരിശോധനയും ഔദ്യോഗികമായി പൂര്‍ത്തിയാക്കി.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ (Qatar World Cup) ഓഫ്‌സൈഡ് കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. ട്രയല്‍ വിജയകരമായി ഫിഫ (FIFA) പൂര്‍ത്തിയായി. ഒരു മത്സരത്തെ തന്നെ സ്വാധീനിക്കുന്ന ഓള്‍സൈഡ് ഗോളുകള്‍. റഫറിമാരുടെ തീരുമാനം കൊണ്ട് മാത്രം മത്സരത്തിന്റെ ഗതിമാറ്റുന്ന സാഹചര്യങ്ങള്‍ നിരവധിയാണ് ഫുട്‌ബോളില്‍. ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയും വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയും വന്നെങ്കിലും ഓഫ്‌സൈഡ് പരാതികള്‍ തുടര്‍ന്നു. 

ഇതിന് പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജിക്കാണ് (SAOT) ഫിഫ അനുമതി നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വാര്‍ പരിശോധനയും ഔദ്യോഗികമായി പൂര്‍ത്തിയാക്കി. പന്തില്‍ കളിക്കാരന്റെ കാല്‍ തൊടുമ്പോള്‍ തന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്‌സൈഡ് വര കണക്കാക്കുന്ന രീതിയാണ് അവലംഭിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പുതിയ സാങ്കേതിക വിദ്യ ഔദ്യോഗികമായി ഉപയോഗിക്കും. 

ലോകകപ്പിനായി അഡിഡാസ് ഒരുക്കുന്ന അല്‍ റിഹ്‌ല എന്ന പന്തിനുള്ളില്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്‌സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്‌സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും. 3D ആനിമേഷനിലൂടെ കാണികള്‍ക്കും ടിവി പ്രക്ഷകര്‍ക്കും ഇത് കാണാനാകും. വിഎആര്‍ (VAR) റൂമില്‍ നിന്ന് റഫറിക്ക് ഹെഡ്‌സെറ്റ് വഴി തീരുമാനം ഉടന്‍ അറിയിക്കും. ഓഫ്‌സൈഡ് തീരുമാനത്തിന്റെ സമയം 70 സെക്കന്‍ഡില്‍ നിന്ന് 25ആയി കുറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കാവും. 

എസ്എഒടി സംവിധാനം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫിഫ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തറില്‍ നടന്ന ക്ലബ്ബ് ലോകകപ്പിലും പരീക്ഷണം നടന്നു.