ദില്ലി: കൊവിഡ് 19 മഹാമാരി വിഴുങ്ങിയവയില്‍ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പും. ഇന്ത്യ വേദിയാകുന്ന ലോകകപ്പ് മാറ്റിവക്കുന്നതായും പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി. ഇന്ത്യ ആദ്യമായാണ് അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്.

നവംബർ രണ്ട് മുതൽ 21 വരെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത വേദികളിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വർ എന്നിവയായിരുന്നു വേദികള്‍. പാനമയിലും കോസ്റ്റാറിക്കയിലുമായി ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്. 

ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം നിരീക്ഷിച്ചുവരികയായിരുന്നു ഫിഫ. ടൂർണമെന്‍റ് നടത്താനുള്ള എല്ലാ സാധ്യതകളും പ്രദേശിക സംഘാടകരുമായി ചേർന്ന് ഫിഫ തേടിയിരുന്നു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഉത്തര കൊറിയയും ജപ്പാനുമാണത്.

ചാമ്പ്യന്‍സ് ലീഗും പിന്നീട്

ജൂണില്‍ നടക്കേണ്ട എല്ലാ രാജ്യന്തര സൌഹൃദ മത്സരങ്ങളും ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും നിർത്തിവക്കാന്‍ യുവേഫ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.   

Read more: യുവേഫ ചാംപ്യന്‍സ് ലീഗ്- യൂറോപ്പ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു

ഒളിംപിക്സ് വരെ വിഴുങ്ങി കൊവിഡ്

കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചിരുന്നു. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയാണ് വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക