ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍  51ാം മിനിറ്റില്‍ എല്‍ മദാനി, 62ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മെലഡിയുടെ പിഴവില്‍ നിന്ന് യാസ്മിന്‍, ഇഞ്ചുറി ടൈമില്‍ ചെരിഫ് എന്നിവരാണ് മൊറോക്കോയുടെ ഗോളുകള്‍ നേടിയത്.

ഭുബനേശ്വര്‍: അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും തോറ്റ് ആതിഥേയരായ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത എട്ടു ഗോളിന് അമേരിക്കയോട് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് ഒരു ഗോളിന് തോറ്റ മൊറോക്കോ ഇന്ത്യക്കെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ എല്‍ മദാനി, 62ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മെലഡിയുടെ പിഴവില്‍ നിന്ന് യാസ്മിന്‍, ഇഞ്ചുറി ടൈമില്‍ ചെരിഫ് എന്നിവരാണ് മൊറോക്കോയുടെ ഗോളുകള്‍ നേടിയത്. പെനല്‍റ്റി ബോക്സില്‍ ഇന്ത്യന്‍ താരം നികേതയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്.

Scroll to load tweet…

മൊറോക്കോക്കെതിരെ ഇടവേളവരെ പൊരുതിയ ഇന്ത്യ അവരെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി തോല്‍വി സമ്മതിച്ചു. ആദ്യപകുതിയിലെ പോരാട്ടത്തിന്‍റെ ആവേശത്തില്‍ രണ്ടാം പകുതിലിറങ്ങിയ ഇന്ത്യന്‍ വനിതകളെയും ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തെയും നിശബ്ദരാക്കി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൊറോക്കോ മുന്നിലെത്തി. പെനല്‍റ്റിയിലൂടെയാണ് മൊറോക്കോ ലീഡെടുത്തത്. തുടക്കത്തില്‍ തന്നെ പെനല്‍റ്റി വഴങ്ങിയത് ഇന്ത്യന്‍ വനിതകളുടെ ആത്മവിശ്വാസം തകര്‍ത്തു. പത്ത് മിനിറ്റിനകം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മെലഡിയുടെ പിഴവില്‍ നിന്ന് മൊറോക്കോ ലീഡുയര്‍ത്തി.

Scroll to load tweet…

കളി തീരുന്നതിന് തൊട്ടു മുമ്പ് മൊറോക്കോ ഗോള്‍ പട്ടിക തികച്ച് മൂന്നാം ഗോളും നേടി. കളിച്ച രണ്ട് കളിയും തോറ്റതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറില്ലെന്ന് ഉറപ്പായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശക്തരായ ബ്രസീലാണ് ഇന്ത്യന്‍ വനിതകളുടെ എതിരാളികള്‍. തിങ്കളാഴ്ചാണ് ഇന്ത്യ-ബ്രസീല്‍ പോരാട്ടം.