ദില്ലി: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റി. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തീരുമാനം. 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുകയെന്ന് ഫിഫ അറിയിച്ചു. ടൂര്‍ണമെന്റ് 2021ലേക്കു മാറ്റിയെങ്കിലും യോഗ്യതാ മാനദണ്ഡം പഴയതു പോലെ തുടരുമെന്ന് ഫിഫ അറിയിച്ചു. 2020 നവംബറിലായിരുന്നു ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.

 

ഇന്ത്യയിലെ അഞ്ചു പ്രധാനപ്പെട്ട നഗരങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. 2003 ജനുവരി ഒന്നോ അതിനു ശേഷമോ, 2005 ഡിസംബര്‍ 31നോ അതിനു മുമ്പോ ജനിച്ചവര്‍ക്കു മാത്രമേ ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ അര്‍ഹതയുള്ളൂ. 

അണ്ടര്‍ 17 ലോകകപ്പ് കൂടാതെ അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തന്നെയായിരിക്കും ഈ ചാംപ്യന്‍ഷിപ്പും നടക്കുക. 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി ആറു വരെ പാനമ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്.