കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ ഫ്രെ‍ഡും മിലിറ്റാവോയും മാത്രമാണ് കാമറൂണിനെതിരെയുള്ള മത്സരത്തിനുളളത്. ​ഗോൾ കീപ്പറായി എഡേഴ്സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്.

ദോഹ: കാമറൂണിനെതിരെയുള്ള അവസാന ​ഗ്രൂപ്പ് മത്സരത്തിൽ അടിമുടി മാറ്റം വരുത്തി ടീമിനെ നിയോ​ഗിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. ​ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ ഫ്രെ‍ഡും മിലിറ്റാവോയും മാത്രമാണ് കാമറൂണിനെതിരെയുള്ള മത്സരത്തിനുളളത്. ​ഗോൾ കീപ്പറായി എഡേഴ്സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്. ഫ്രെഡും ഫാബീഞ്ഞോയും ഡിഫൻസീവ് മിഡ്ഫീൽഡേഴ്സായി ഉണ്ട്.

അവർക്ക് മുന്നിലായി മാർട്ടിനെല്ലി, റോഡ്രിഡോ, ആന്റണി എന്നിവരെയാണ് ടിറ്റെ നിയോ​ഗിച്ചത്. ​ഗബ്രിയേൽ ജിസൂസിനാണ് ​ഗോൾ അടിക്കാനുള്ള ചുമതല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയ ടീമാണ് ബ്രസീൽ. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്.

എന്നാല്‍ കാനറികള്‍ക്കെതിരെ അട്ടിമറി വിജയത്തിലൂടെ നോക്കൗട്ട് സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണ് കാമറൂൺ. പ്രീ ക്വാർട്ടറിന് മുൻപ് എല്ലാവരെയും പൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിക്കാനാണ് ടിറ്റെയുടെ വമ്പൻ പരീക്ഷണം. സ്വിറ്റ്സർലൻഡിനോട് തോൽക്കുകയും സെ‍ർബിയയോട് സമനില വഴങ്ങുകയും ചെയ്‌ത കാമറൂണിന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷ നൽകില്ല. ബ്രസീലും കാമറൂണും ഇതിന് മുൻപ് ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിലും ജയം ബ്രസീലിനൊപ്പമായിരുന്നു.

2003ലെ കോൺഫെഡറേഷൻസ് കപ്പിലായിരുന്നു കാമറൂണിന്‍റെ അട്ടിമറി വിജയം. ഖത്തര്‍ ലോകകപ്പിൽ മറ്റൊരു ടീമിനും ഇനി അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയാണ് ബ്രസീൽ ഇറങ്ങുന്നത്. 2006ലാണ് അവസാനം ബ്രസീൽ ഏറ്റവുമൊടുവിൽ ​ഗ്രൂപ്പിലെ എല്ലാ കളികളും ജയിച്ചത്. ഗ്രൂപ്പിലെ മൂന്നിൽ മൂന്ന് കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ നോക്കൗട്ട് റൗണ്ടിലെത്തുക എത്തുക എന്നതാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ഒട്ടും സമയം പാഴാക്കാനില്ല; യൂറോ കപ്പ് ലക്ഷ്യമിട്ടുള്ള പണി തുടങ്ങാൻ ജർമനി, തോൽവികളുടെ കാരണം കണ്ടെത്തൽ ആദ്യപടി