വന്ന വഴികൾ അത്രമേൽ കഠിനമായിരുന്നതിനാൽ ഒരു പക്ഷെ വലൻസിയക്ക് ഈ കാണികളൊന്നും പ്രശ്നമേ ആയിരുന്നില്ല

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ദിനത്തിലെ താരം ഇക്വഡോര്‍ നായകൻ എന്നര്‍ വലൻസിയയായിരുന്നു. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഒരേസമയം കളത്തിലെ പതിനൊന്നും ഗ്യാലറിയിലെ ആയിരക്കണക്കിന് ഖത്തര്‍ ആരാധകരോടുമാണ് ഇക്വഡോറിന് മത്സരിക്കാനുണ്ടായിരുന്നത്. ആതിഥേയ രാജ്യം ഉദ്ഘാടന മത്സരത്തിൽ തോറ്റിട്ടില്ലെന്ന ചരിത്രവും വേറെ. എന്നാൽ ഇക്വഡോറിനെ അവരുടെ നായകൻ മുന്നിൽ നിന്ന് നയിച്ചു. എന്നര്‍ വലൻസിയയുടെ ഇരട്ടഗോളിൽ പുതു ചരിത്രം പിറന്നു. 

വന്ന വഴികൾ അത്രമേൽ കഠിനമായിരുന്നതിനാൽ ഒരു പക്ഷെ വലൻസിയക്ക് ഈ കാണികളൊന്നും പ്രശ്നമേ ആയിരുന്നില്ല. ഇക്വഡോറിന്‍റെ ഫുട്ബോൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന സാൻ ലൊറൻസോയിലായിരുന്നു വലൻസിയയുടെ ജനനം. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ കുട്ടിക്കാലം. അച്ഛന്‍റെ പശുഫാമിനെ ചുറ്റിപറ്റി മാത്രമായിരുന്ന ജീവിതത്തിൽ പ്രൊഫഷണൽ ഫുട്ബോൾ എന്ന ചിന്തയേ അവന് ഉണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞുവലൻസിയുടെ പന്തടക്കം കണ്ട് അത്ഭുതപ്പെട്ട കായികാധ്യപകൻ അവനെ പ്രാദേശിക ക്ലബായ കാരിബിലേക്ക് നയിച്ചു. അവിടെ നിന്ന് പടിപടിയായി തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയിൽ എത്തിനിൽക്കുന്നു. ഇക്വഡോറിന്‍റെ മെസിയും നെയ്മറുമെല്ലാം വലൻസിയയാണ്.

ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ വിശ്വവേദിയിലെ ഏറ്റവും വലിയ നേട്ടം. വല നിറയ്ക്കാൻ വലൻസിയ ഉള്ളപ്പോൾ അതിനപ്പുറം സ്വപ്നം കാണുന്നു ഖത്തറില്‍ ഇക്വഡോര്‍.

വലന്‍സിയയുടെ കരുത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോൽപ്പിച്ചിരുന്നു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഇക്വഡോര്‍ ക്യാപ്റ്റൻ എന്നർ വലൻസിയ ഇരട്ടപ്രഹരം നല്‍കി. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്ന‍ര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.

ചരിത്രത്തിൽ തന്നെ ആദ്യം; നിരാശയോടെ ഖത്തർ ടീം, മറക്കാൻ ആ​ഗ്രഹിക്കുന്ന ഒരു മോശം റെക്കോർഡ്