Asianet News MalayalamAsianet News Malayalam

എമീ നീ വാക്കു പാലിച്ചു, ചങ്കു കൊടുത്ത് നീ മിശിഹായെ കാത്തു, ആ കിരീടം മെസിയുടെ നെറുകയില്‍ ചാര്‍ത്തി

നേടാവുന്നതെല്ലാം നേടിയിട്ടും ഒരു രാജ്യാന്തര കിരീടമില്ലെന്ന മെസിയിലെ വിടവ് കോപയിലൂടെ മായ്ചചു കളഞ്ഞ എമി തന്നെ മെസിയുടെ നെറുകയില്‍ ലോക കിരീടം ചാര്‍ത്തി നല്‍കിയിരിക്കുന്നു. അര്‍ജന്‍റീന ടീമില്‍ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാന്‍ നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും.

FIFA World Cup 2022: Emiliano Martinez Argentina's Hero Once again in Penalty Shoot Out
Author
First Published Dec 18, 2022, 11:41 PM IST

ദോഹ: ലോകകിരീത്തില്‍ ലിയോണല്‍ മെസിയുടെ മുത്തം പതിയാനായി ഞാനെന്‍റെ ജീവിതംപോലും കൊടുക്കാന്‍ തയാറാണ്, അത് നേടാന്‍ അവന് വേണ്ടി മരിക്കാനും. 2021ലെ കോപ അമേരിക്ക സെമിഫൈനലില്‍ കൈക്കരുത്തും മനക്കരുത്തും കൊണ്ട് കൊളംബിയന്‍ താരങ്ങളുടെ മൂന്ന് കിക്കുകള്‍ തട്ടിയകറ്റി, ഫൈനലില്‍ ബ്രസീലിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്കുകളെ ചെറുത്ത് അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ചശേഷമായിരുന്നു സഹതാരങ്ങളുടെ പ്രിയപ്പെട്ട ഡിബു ഇത് പറഞ്ഞത്.

ഇപ്പോഴിതാ ലോകകപ്പ് ഫൈനലില്‍ നിര്‍ണായക ഒരു കിക്ക് തടുത്തിട്ട് എക്സ്ട്രാ ടൈമില്‍ ഗോളെന്നുറച്ച ഷോട്ട് കാലു കൊണ്ട് തട്ടിയകറ്റി എമിലിയാനോ മാര്‍ട്ടിനെസ് തന്‍റെ വാക്കു പാലിച്ചിരിക്കുന്നു. രണ്ട് പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറില്‍ നേടാവുന്നതെല്ലാം നേടിയിട്ടും ഒരു രാജ്യാന്തര കിരീടമില്ലെന്ന മെസിയിലെ വിടവ് കോപയിലൂടെ മായ്ചചു കളഞ്ഞ എമി തന്നെ മെസിയുടെ നെറുകയില്‍ ലോക കിരീടം ചാര്‍ത്തി നല്‍കിയിരിക്കുന്നു. അര്‍ജന്‍റീന ടീമില്‍ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാന്‍ നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും.

FIFA World Cup 2022: Emiliano Martinez Argentina's Hero Once again in Penalty Shoot Outപെനല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് ലക്ഷ്യത്തിലേക്ക് പായിച്ച് ലൗതാരോ മാര്‍ട്ടിനെസ് അര്‍ജന്‍റീനക്ക് സെമിയിലേക്കുള്ള വഴി തുറന്നപ്പോള്‍ സഹതാരങ്ങള്‍ ഒന്നടങ്കം ഓടിയെത്തി മാര്‍ട്ടിനെസിനെ വാരിപുണര്‍ന്ന് വിജയാഘോഷം നടത്തി. ആ സമയം ഗ്രൗണ്ടിന്‍റെ മറുവശത്ത് സന്തോഷാധിക്യത്താല്‍ ഗ്രൗണ്ടില്‍ മുഖം പൂഴ്ത്തി കരയുകയായിരുന്നു എമിലിയാനോ. ആ വിജയമിനിഷത്തില്‍ ഗ്രൗണ്ടില്‍ വീണ് വിതുമ്പുന്ന എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയ ഒരേയൊരാള്‍, അത് മെസിയായിരുന്നു. ഗ്രൗണ്ടിലമര്‍ന്ന എമിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് എഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യുന്ന മെസിയിലുണ്ട് അയാള്‍ അര്‍ജന്‍റീനക്ക് എത്രമാത്രം പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമാണെന്ന്.

FIFA World Cup 2022: Emiliano Martinez Argentina's Hero Once again in Penalty Shoot Out

എതിരാളികളുടെ ഗോള്‍മുഖം ആക്രമിക്കാനിറങ്ങുമ്പോഴും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമ്പോഴും സ്വന്തം ഗോള്‍ പോസ്റ്റിന് താഴെ ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമായി നില്‍ക്കുന്ന എമി മെസിക്കും സംഘത്തിനും നല്‍കുന്ന  ധൈര്യം ചെറുതല്ല. ഇന്‍ഡിപെന്‍ഡെന്‍റയിലൂടെ കളി തുടങ്ങി 2011ല്‍ ആദ്യമായി അര്‍ജന്‍റീനയുടെ ദേശീയ ടീമിലെത്തിയെങ്കിലും ഒരു ദശകത്തോളം അനിശ്ചിതത്വങ്ങളുടെ ഇടനാഴിയില്‍ കാവല്‍ നില്‍ക്കാനായിരുന്നു എമിലിയാനോടയുടെ വിധി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനൊപ്പം മൂന്ന് വര്‍ഷം സൈഡ് ബെഞ്ചില്‍ അക്ഷമനായി കാത്തിരുന്നതിന് ശേഷം 2019-20 സീസണിലെ എഫ് എ കപ്പിലാണ് എമിലിയാനോക്ക് ആദ്യമായി അവസരം ലഭിക്കുന്നത്.  അന്ന് ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്സണല്‍ കിരീടം നേടിയപ്പോഴാണ് എമിലിയാനോ മാര്‍ട്ടിനെസെന്ന പേര് ആരാധകരുടെ മനസില്‍ ആദ്യമായി പതിയുന്നത്. ഇനി പകരക്കാരനാവില്ല , തുടരുന്നെങ്കില്‍ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി മാത്രം എന്ന് ആഴ്സണലിനെ അറിയിച്ച് ആസ്റ്റണ്‍വില്ലയിലേക്ക് കൂടുമാറിയ എമിലിയാനോ അവരുടെ വിശ്വസ്തനാവാന്‍ അധികം നാളുകളേറെ എടുത്തില്ല.

അപ്പോഴും അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആയിരുന്നില്ല എമിലിയാനോ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിലിക്കെതിരെ ആണ് എമി ആദ്യമായി അര്‍ജന്‍റീനയുടെ ഗോള്‍വലക്ക് മുന്നില്‍ നില്‍ക്കുന്നത്. 2021ലെ കോപ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ മത്സരത്തില്‍ ആര്‍തുറോ വിദാലെടുത്ത പെനല്‍റ്റി കിക്ക് തടുത്തിട്ട് ഞെട്ടിച്ച എമിക്ക് പക്ഷെ അന്ന് എ‍ഡ്വേര്‍ഡോ വര്‍ഗാസിന്‍റെ റീ ബൗണ്ട് അന്ന് തടുക്കാനായില്ല. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ടതോടെയാണ് എമി ഒരു വലകാക്കും ഭൂതമാണെന്ന് അര്‍ജന്‍റീന ആദ്യമായി തിരിച്ചറിയുന്നത്.

FIFA World Cup 2022: Emiliano Martinez Argentina's Hero Once again in Penalty Shoot Outഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് എമിലിയാനോയുടെ കൈകളില്‍ ഭദ്രമായിരുന്നു. അതോടെ ലോകകപ്പുയര്‍ത്താനുള്ള മെസിയുടെ സൈന്യത്തില്‍  ഡിപോളിനും ലോ സെല്‍സോക്കുമൊപ്പം പിന്നണിയിലെ മുന്നണിപ്പോരാളിയായി എമിലിയാനോയും. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്‍റെ ഗോള്‍ പോരിനെ മറികടന്ന് അയാള്‍ അര്‍ജന്‍റീനയുടെയും മെസിയുടെുയും എക്കാലത്തെയും ആ മഹത്തായ ലക്ഷ്യത്തിനുള്ള കാവല്‍ തുടര്‍ന്നപ്പോള്‍ അയാള്‍ കാവല്‍ നില്‍കുന്നു എന്ന വിശ്വാസത്തില്‍ അര്‍ജന്‍റീന ഫൈനലിലേക്ക് മുന്നേറി. ഒടുവില്‍ ഫൈനലില്‍ നിര്‍ണായക കിക്ക് തട്ടിയകറ്റി അയാള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദത്തില്‍ എംബാപ്പെയുടെ ഫ്രാന്‍സും വീണിരിക്കുന്നു. മെസിയുടെ കരിയറിന് ലോക കിരീടമെന്ന പൂര്‍ണത.

Follow Us:
Download App:
  • android
  • ios