Asianet News MalayalamAsianet News Malayalam

ജേഡൺ സാഞ്ചോ പുറത്ത്; ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

വമ്പൻ താരനിരയുമായാണ് വീണ്ടും ഇംഗ്ലണ്ട് ലോകകപ്പിലേക്ക് എത്തുന്നത്. ഇരുപത്തിയാറംഗ സംഘത്തെ ഹാരി കെയ്ൻ നയിക്കും. 

FIFA World Cup 2022 England squad James Maddison included Jadon Sancho excluded
Author
First Published Nov 11, 2022, 7:21 AM IST

ലണ്ടന്‍: ഖത്തര്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജേഡൺ സാഞ്ചോയെ ഒഴിവാക്കിയാണ് കോച്ച് ഗാരെത് സൗത്ഗേറ്റ് 26 അംഗ ടീം പ്രഖ്യാപിച്ചത്.

വമ്പൻ താരനിരയുമായാണ് വീണ്ടും ഇംഗ്ലണ്ട് ലോകകപ്പിലേക്ക് എത്തുന്നത്. ഇരുപത്തിയാറംഗ സംഘത്തെ ഹാരി കെയ്ൻ നയിക്കും. ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെര്‍ലിങ്, കല്ലം വില്‍സണ്‍ എന്നിവരാണ് മുന്നേറ്റനിരയിൽ ഹാരി കെയ്നൊപ്പമുള്ളത്. യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലാന്‍ റൈസ് എന്നിവരാണ് മധ്യനിരയില്‍. പ്രതിരോധത്തില്‍ ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്‌റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ് എന്നിവര്‍ക്ക് അവസരം കിട്ടി. 

ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, നിക്ക് പോപ്പ്, ആരോണ്‍ റാംസ്‌ഡേല്‍ എന്നിവർ ഗോള്‍കീപ്പര്‍മാരായും ടീമിലെത്തി. ജേഡൺ സാഞ്ചോയ്ക്കൊപ്പം ടാമി എബ്രഹാമിനും ഇവാന്‍ ടോണിയ്ക്കും ടീമില്‍ ഇടം നേടാനായില്ല. പരിക്കിന്‍റെ പിടിയിലായ റീസ് ജെയിംസ് നേരത്തേ പുറത്തായിരുന്നു. റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളും യുറോ കപ്പ് റണ്ണേഴ്സ് അപ്പുമായ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. ഇറാന്‍, അമേരിക്ക, വെയ്ല്‍സ് എന്നിവാണ് ഗ്രൂപ്പിലെ എതിരാളികൾ. നവംബര്‍ 21ന് ഇറാനെയെതിരാണ് ആദ്യ മത്സരം.

ബെല്‍ജിയം ടീമും റെഡി

ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 26 അംഗ ടീമിനെയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചത്. നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ബെൽജിയം. പരിക്കിൽ നിന്ന് പൂർണമുക്തരാവാത്ത റൊമേലു ലുക്കാക്കുവിനെയും എഡന്‍ ഹസാര്‍‍ഡിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന്‍റെ വിശ്വസ്തനായ തിബോത് കോർത്വയാണ് ബെൽജിയത്തിന്‍റെ ഒന്നാം ഗോൾകീപ്പർ. മധ്യനിരയും മുന്നേറ്റനിരയുമാണ് ബെല്‍ജിയത്തിന്‍റെ ശക്തി. ഡിവോക് ഒറിഗി ടീമില്‍ നിന്ന് പുറത്തായി. കെവിൻ ഡിബ്രുയിൻ, അക്‌സല്‍ വിറ്റ്‌സല്‍, തോര്‍ഗന്‍ ഹസാര്‍ഡ്, തോമസ് മുനിയര്‍, ലിയാന്‍ഡ്രോ ട്രൊസാഡ് തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് എഫിൽ കാനഡ, മൊറോക്കോ, ക്രൊയേഷ്യ എന്നിവരാണ് ബെൽജിയത്തിന്‍റെ എതിരാളികൾ. ബെല്‍ജിയം ആദ്യ മത്സരത്തില്‍ നവംബര്‍ 24ന് കാനഡയെ നേരിടും.

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജര്‍മനി, ഗോട്സെ തിരിച്ചെത്തി

Follow Us:
Download App:
  • android
  • ios