Asianet News MalayalamAsianet News Malayalam

സുന്ദരം, അതിസുന്ദരം ഈ ഫ്രഞ്ച് മുത്തം; എംബാപെയിൽ തട്ടിവീണ് ഡെൻമാർക്ക്, ലോക ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ

രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സ്റ്റൈലായി തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി എംബാപെ തന്നെയാണ് രണ്ട് ​ഗോളുകളും നേടിയത്. ഡെൻമാർക്കിന്റെ ആശ്വാസ ​ഗോൾ ക്രിസ്റ്റ്യൻസന്റെ വകയായിരുന്നു. 

fifa  world cup 2022 france beat denmark thrilling match mbappe scores
Author
First Published Nov 26, 2022, 11:28 PM IST

ദോഹ: തോറ്റു കൊടുക്കാൻ മനസില്ലെന്നുറപ്പിച്ച കിലിയൻ എംബാപെ എന്ന ​ഗോൾ ദാഹിക്ക് മുന്നിൽ മറുപടിയില്ലാതെ ഡെൻമാർക്ക്. ​ഗ്രൂപ്പ് ‍ഡിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഫ്രാൻസ് കെട്ടുകെട്ടിച്ചു. രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സ്റ്റൈലായി തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി എംബാപെ തന്നെയാണ് രണ്ട് ​ഗോളുകളും നേടിയത്. ഡെൻമാർക്കിന്റെ ആശ്വാസ ​ഗോൾ ക്രിസ്റ്റ്യൻസന്റെ വകയായിരുന്നു. 

ആദ്യ പകുതി

ഡെന്‍മാര്‍ക്കിന്‍റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ കെട്ടുക്കെട്ടിച്ചതിന്‍റെ എല്ലാ ആവേശവും ഡെന്‍മാര്‍ക്ക് കളത്തില്‍ പുറത്തെടുത്തു. ഇതോടെ കളിയുടെ വേഗം കുറച്ച് പാസിംഗിലൂടെ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ ഫ്രാന്‍സ് ആരംഭിച്ചു. എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി. കൃത്യമായ പൊസിഷന്‍ ഉറപ്പാക്കി ഫ്രാന്‍സിന്‍റെ പിഴവുകള്‍ മുതലാക്കി കൗണ്ടര്‍ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്‍മാര്‍ക്കിന്‍റേത്. 10-ാം മിനിറ്റില്‍ തിയോ ഇടതു വിംഗില്‍ നിന്ന് ജിറൂദിനെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് അപകടം വിതയ്ക്കുമെന്ന് തോന്നിയെങ്കിലും ഡെന്‍മാര്‍ക്ക് രക്ഷപ്പെട്ടു.

20-ാം മിനിറ്റില്‍ ഗ്രീസ്മാന്‍റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍സന് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫന്‍ഡര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാന്‍ വലതു വിംഗിലുള്ള ഡെംബലയിലേക്കാണ് നല്‍കിയത്. അളന്നു മുറിച്ച ബാര്‍സ താരത്തിന്‍റെ ക്രോസിലേക്ക് കൃത്യമായി റാബിയേട്ട് തലവെച്ചു. കാസ്പര്‍ ഷ്മൈക്കല്‍ ഒരുവിധം അത് കുത്തിയകറ്റിയതോടെ ഡാനിഷ് നിര ആശ്വസിച്ചു. ഫ്രഞ്ച് പട താളം കണ്ടെത്തിയതോടെ ഡെന്‍മാന്‍ക്ക് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്. ഡാനിഷ് ഗോള്‍മുഖം പല ഘട്ടത്തിലും വിറകൊണ്ടെങ്കിലും ഷ്മൈക്കലിന്‍റെ അനുഭവസമ്പത്ത് രക്ഷയാവുകയായിരുന്നു. 33-ാം മിനിറ്റില്‍ വിഷമകരമായ ആംഗിളില്‍ നിന്നുള്ള ഗ്രീസ്മാന്‍റെ ഷോട്ട് ഫ്രഞ്ച് ക്ലബ്ബ് നൈസിന്‍റെ താരമായ ഷ്മൈക്കല്‍ കാല് കൊണ്ട് രക്ഷിച്ചു. തൊട്ട് പിന്നാലെ ഡെന്‍മാന്‍ക്കിന്‍റെ ഒരു കൗണ്ടര്‍ ഫ്രാന്‍സ് പ്രതിരോധത്തെ ഒന്ന് ആടിയുലച്ചു.

എന്നാല്‍, കോര്‍ണേലിയസിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 40-ാം മിനിറ്റില്‍ ഡെംബലെയുടെ ലോ ക്രോസ് ബോക്സിന് നടുവില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന എംബാപെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പറന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്. പലപ്പോഴും ഗോള്‍ പിറക്കാതിരുന്നത് ഡെന്‍മാര്‍ക്കിന്‍റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. പരിക്ക് മാറി വരാനെ വന്നതോടെ സ്ഥാനം നഷ്ടമായത് കൊനാറ്റെയ്ക്കാണ്. പവാര്‍ഡിന് പകരം ജൂലിയസ് കൂണ്ടെ എന്നിയപ്പോള്‍ ലൂക്കാസ് ഹെര്‍ണാണ്ടസിന് പകിരം തിയോ ഹെര്‍ണാണ്ടസും എത്തി. ടുണീഷ്യക്കെതിരെ സമനില വഴങ്ങിയ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങള്‍ ഡെന്‍മാര്‍ക്കും വരുത്തി.

വിശ്വരൂപം പൂണ്ട എംബാപെ

ബോൾ പൊസിഷനിൽ ഫ്രാൻസിനൊപ്പം പിടിച്ച് നിന്ന് കൊണ്ടാണ് രണ്ടാം പകുതി ഡെൻമാർക്ക് ആരംഭിച്ചത്. കൗണ്ടറുകൾ കൂടാതെ മികച്ച ബിൽഡ് അപ്പുകൾ നടത്താനും ഡാനിഷ് നിരയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ കഴിഞ്ഞു. മുന്നേറ്റത്തിൽ കോർണേലിയസിന് പകരം മുൻ ബാർസ താരം മാർട്ടിൻ ബ്രാത്‍വെയ്റ്റ് എത്തിയത് ഡെൻമാർക്കിന്റെ മൂർച്ച കൂട്ടി. 56-ാം മിനിറ്റിൽ മൈതാന മധ്യത്ത് നിന്ന് രണ്ട് ഡാനിഷ് താരങ്ങളുടെ പ്രസ്സിം​ഗിനെ അതിവേ​ഗം മറികടന്ന് സ്വതസിദ്ധമായ ശൈലിയിൽ എംബാപെ ഡാനിഷ് ബോക്സിൽ പറന്നെത്തിയെങ്കിലും ഷോട്ടിന് കാസ്പർ ഷ്മൈക്കലിനെ കടക്കാനായില്ല.

59-ാം മിനിറ്റിൽ ചൗമെനിയുടെ ലോം​ഗ് ബോൾ നെഞ്ചിലെടുത്ത് ​ഗ്രീസ്മാൻ അടിച്ച ഷോട്ടും പുറത്തേക്ക് പോയി. 61-ാം മിനിറ്റിൽ നിരന്തര ആക്രമണങ്ങൾക്കുള്ള ഫലം ഫ്രാൻസ് നേടിയെടുത്തു. ഇടത് വിം​ഗിൽ ആവശ്യത്തിലധികം സ്പേസ് ലഭിച്ചതോടെ പന്തുമായി കുതിച്ച തിയോ എംബപെയ്ക്ക് നൽകിയ ശേഷം ബോക്സിലേക്ക് പാഞ്ഞു കയറി. തിയോയിലേക്ക് പന്തെത്തിച്ച് എംബാപെ ബോക്സിന് നടുവിൽ എത്തിയപ്പോൾ തന്നെ തിയോയുടെ പാസ് എത്തി. ഫസ്റ്റ് ടൈം ഷോട്ടെടുത്ത എംബാപെയെ തടുക്കാൻ ഡാനിഷ് പ്രതിരോധ നിരയ്ക്കോ ഷ്മൈക്കലിനോ കഴിഞ്ഞില്ല.

ഇതിന് മറുപടി നൽകാൻ ഡെൻമാർക്കിന് അധികം സമയം വേണ്ടി വന്നില്ല. എറിക്സന്റെ മനോഹരമായ കോർണറാണ് ​ഗോളിൽ കലാശിച്ചത്. ആൻഡേഴ്സണിന്റെ സഹായം കൂടി ലഭിച്ചപ്പോൾ പന്ത് എത്തിയത് ക്രിസ്റ്റ്യൻസന്റെ തലപ്പാകത്തിനാണ്. ബാർസ താരത്തിന് പിഴയ്ക്കാതിരുന്നപ്പോൾ ഫ്രഞ്ച് ​ഗോളി ഹ്യൂ​ഗോ ലോറിസിന് കൂടുതൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ​ഗോൾ വന്നതോടെ ഡാനിഷ് നിരയും ഉഷാറായി. 73-ാം മിനിറ്റിൽ ഡാംസ്​ഗാർഡിന്റെ ലോ ക്രോസിൽ ലിൻഡ്സ്ട്രോം ഒരു പവർ ഷോട്ട് ഉതിർത്തെങ്കിസും ലോറിസ് തടുത്തു. പക്ഷേ, എംബാപെയെന്ന ​ഗോൾ ദാഹി വീണ്ടും ഫ്രാൻസിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റിൽ വലതു വിം​ഗിൽ നിന്നുള്ള ​ഗ്രീസ്മാന്റെ ക്രോസ് വിദ​​ഗ്ധമായി പിഎസ്ജി താരം വലയിലാക്കി. ഇതിന് മറുപടി നൽകാൻ ഡാനിഷ് നിരയ്ക്ക് പിന്നീട് കഴിഞ്ഞില്ല. 

Follow Us:
Download App:
  • android
  • ios