Asianet News MalayalamAsianet News Malayalam

കോട്ട ഇളക്കൽ ഒന്നാം ഘട്ടം; മൊറോക്കൻ പ്രതിരോധം ഇളക്കി ഫ്രഞ്ച് മുന്നേറ്റം, ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ

ലോകകപ്പിൽ ഒരു ഓൺ ​ഗോൾ അല്ലാതെ മറ്റൊരു ​ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്.

fifa world cup 2022 france vs morocco first half report live updates
Author
First Published Dec 15, 2022, 1:19 AM IST

ദോഹ: ഖത്തറിൽ ഇളകാതെ നിന്ന മൊറോക്കൻ കോട്ടയിൽ വിള്ളൽ വീഴ്ത്തി ഫ്രഞ്ച് മുന്നേറ്റം. ലോകകപ്പിലെ രണ്ടാം സെമിയിയുടെ ആദ്യ പകുതി അവസാനിച്ചപ്പോൾ മൊറോക്കോയ്ക്കെതിരെ ഫ്രാൻസ് എതിരില്ലാത്ത ഒരു ​ഗോളിന് മുന്നിലാണ്. തിയോ ഹെർണാണ്ടസ് ആണ് ഫ്രഞ്ച് പടയ്ക്കായി ​ഗോൾ നേടിയത്. ലോകകപ്പിൽ ഒരു ഓൺ ​ഗോൾ അല്ലാതെ മറ്റൊരു ​ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്.

റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ​ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ​ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ​ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങൾ മൊറോക്കൻ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ​ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ​ഗോളോടെ മാറ്റേണ്ടി വന്നു.

പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 10-ാം മിനിറ്റിൽ മധ്യനിര താരം ഔനാഹി ബോക്സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇം​ഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷൻ അനുവദിച്ച് അവസരങ്ങളിൽ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റിൽ ബൗഫലിന്റെ പാസിൽ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാൻ സാധിച്ചെങ്കിലും പുറത്തേക്ക് പോയി.

തൊട്ട് പിന്നാലെ ഫ്രഞ്ച് ബോക്സിൽ നിന്ന് വന്ന ലോം​ഗ് ബോൾ നിയന്ത്രിക്കാൻ മൊറോക്കൻ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ജിറൂദ് തന്റെ പെർഫെക്ട് സ്ട്രെൈക്കി​ഗ് എബിലിറ്റി പുറത്തെടുത്ത് ഇടംകാല് കൊണ്ട് കനത്ത ഷോട്ട് പായിച്ചെങ്കിലും ബാറിൽ ഇടിച്ച് പുറത്തേക്ക് പോയി. 19-ാം മിനിറ്റിൽ പരിക്ക് വലച്ച നായകൻ സയസ്സിനെ മൊറോക്കോയ്ക്ക് പിൻവലിക്കേണ്ടി വന്നത് ആഫ്രിക്കൻ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങൾ മെനഞ്ഞെടുക്കാൻ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ​ഗോൾ നേടാൻ മാത്രം സാധിക്കാതെ ആഫ്രിക്കൻ ശക്തികൾ ബുദ്ധിമുട്ടുകയായിരുന്നു

35-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ പേസിന് മുന്നിൽ മൊറോക്കൻ പ്രതിരോധം മത്സരത്തിൽ ആദ്യമായി വിയർത്തു. ചൗമെനിയുടെ ത്രൂ ബോളിലേക്ക് പറന്ന് കയറി എംബാപ്പെ ശ്രമിച്ച് നോക്കിയെങ്കിലും ഹക്കിമി കൃത്യസമയത്ത് രക്ഷനായി. ക്ലിയർ ചെയ്യപ്പെട്ട പന്ത് ഹെർണാണ്ടസ് ബോക്സിന് നടുക്ക് ആരും മാർക്ക് ചെയ്യാനില്ലാതെ നിന്ന ജിറൂദിലേക്ക് അതിവേ​ഗം നൽകിയെങ്കിലും അത് ​ഗോളാകാതെ പോയത് മൊറോക്കോയുടെ ഭാ​ഗ്യം കൊണ്ട് മാത്രമായിരുന്നു. 44-ാം മിനിറ്റിൽ സിയെച്ചിന്റെ കോർണറിന് ഒടുവിൽ യാമിഖിന്റെ അക്രോബാറ്റിക് ശ്രമം പോസ്റ്റിലിടിച്ച് മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് മൊറോക്കൻ ആരാധകർ കണ്ടത്. അവസാന നിമിഷം മൊറോക്കോ ആക്രമണം കടുപ്പിച്ചെങ്കിലും ​ഗോൾ വഴങ്ങാതെ ഫ്രാൻസ് പിടിച്ച് നിന്നു. 

ഖത്തറ് വടിയെടുത്തപ്പോള്‍ ഇത്രയും നന്നായിപ്പോയോ? 'ചരിത്രത്തിൽ ആദ്യം', ഇംഗ്ലീഷുകാ‌ർ അറസ്റ്റിലാകാത്ത ലോകകപ്പ്
 

Follow Us:
Download App:
  • android
  • ios