ഫുട്ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

ദോഹ: ഫിഫ ലോകകപ്പില്‍ പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വെയാണ് ഇന്ന് എതിരാളികള്‍. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ലൂയിസ് സുവാരസ് തങ്ങളിൽ നിന്ന് തട്ടിയെടുത്ത ജയത്തിന് പകരം വീട്ടാനാകും ഘാന ഇന്നിറങ്ങുന്നത്. എന്നാൽ അന്നത്തെ നടപടിയിൽ ഖേദം തോന്നുന്നില്ലെന്നാണ് ഉറുഗ്വേ താരത്തിന്‍റെ നിലപാട്. 

2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് എത്തുമ്പോൾ ഘാന ഫേവറിറ്റുകൾ ആയിരുന്നില്ല. പക്ഷേ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോഴേക്കും കറുത്ത കുതിരകളായി മാറി ഘാന. പ്രീ ക്വാർട്ടറിൽ അമേരിക്കയെ വീഴ്ത്തി ഉറുഗ്വെയെ നേരിടാനെത്തിയ ഘാന ഒരൊറ്റ ജയത്തിനപ്പുറം സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകുമായിരുന്നു. അതും ആഫ്രിക്കൻ മണ്ണിൽ. എന്നാൽ നടന്നത് മറ്റൊന്ന്. അക്ഷരാർത്ഥത്തിൽ ലൂയി സുവാരസ് ഘാനയിൽ നിന്ന് ആ ജയം മോഷ്ടിച്ചു. 

ആദ്യപകുതിയുടെ അധിക സമയത്ത് സുള്ളി മുന്താരി ആഫ്രിക്കൻ കരുത്തരെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഡിഗോ ഫോർലാൻ ഉറുഗ്വെയെ സമനിലയിലെത്തിച്ചു. മത്സരം അവസാനിക്കുമ്പോൾ സ്കോർ 1-1. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പിന്നെ നടന്നതൊക്കെ നാടകീയത. എക്‌സ്‌ട്രാ ടൈമിന്‍റെ അവസാന നിമിഷത്തിൽ ഘാനയുടെ സ്റ്റീവൻ ആപ്പിയ തൊടുത്തുവിട്ട ഫ്രീകിക്ക് ഉറുഗ്വെ ഗോളിയെ കടന്ന് വലയിലേക്ക് നീങ്ങി. ഗോൾ ലൈനിൽ നിന്ന സുവാരസ് ഗോൾ കാൽമുട്ടുകൊണ്ട് തടുത്തിട്ടു. പുറത്തേക്ക് തെറിച്ച പന്തിൽ ഡൊമിനിക് അഡിയാന്‍റെ ഹെഡർ വന്നു. വലയിലേക്ക് പാഞ്ഞെത്തിയ പന്ത് സുവാരസ് ഇരു കൈയും കൊണ്ട് തട്ടിപ്പുറത്തേക്കിട്ടു.

ഫുട്ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഘാനയ്ക്ക് അനുകൂലമായ പെനാൽറ്റി കിക്ക് എടുത്തത് അന്നത്തെ സൂപ്പര്‍ താരം അസമോവ ഗ്യാനായിരുന്നു. അത് പക്ഷേ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ആ പിഴവും ലൂയി സുവാരസ് ആഘോഷമാക്കി. ഒടുവിൽ ഷൂട്ടൗട്ടിൽ 4-2ന്‍റെ ജയവുമായി ഉറുഗ്വെ സെമിയിലേക്ക് കടന്നു. ഘാന പുറത്തായി. അന്നത്തെ ലൂയി സുവാരസിനോട് പകരം ചോദിക്കാൻ കൂടിയാണ് ഇന്ന് ഘാന ഇറങ്ങുന്നത്.

Scroll to load tweet…

ക്യാപ്റ്റന്‍ ഡാനി ആൽവസ്; കാമറൂണിനെതിരെ അടിമുടി മാറ്റത്തിന് ബ്രസീല്‍