ഇ ഗ്രൂപ്പിലെ നാല് ടീമിനും പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ട്. വ്യാഴാഴ്ചത്തെ അവസാന മത്സരങ്ങളാകും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക.

ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്പെയിന്‍-ജ‍ർമനി വമ്പൻ പോരാട്ടം ഇന്ന് പുലര്‍ച്ചെ സമനിലയിൽ അവസാനിച്ചിരുന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ ഇരു ടീമും ഓരോ ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. സമനിലയോടെ ജർമനി പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ലോകകപ്പിലെ ഗ്രൂപ്പ് ഇയില്‍ എന്താണ് പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ എന്ന് പരിശോധിക്കാം. 

ഇ ഗ്രൂപ്പിലെ നാല് ടീമിനും പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ട്. വ്യാഴാഴ്ചത്തെ അവസാന മത്സരങ്ങളാകും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക. രണ്ട് മുന്‍ ലോക ചാമ്പ്യന്മാരുള്‍പ്പെട്ട ഇ ഗ്രൂപ്പില്‍ നിലവില്‍ മുന്നിൽ സ്പെയിനാണ്. രണ്ട് കളിയിൽ 4 പോയിന്‍റുള്ള സ്പെയിന് ഗോള്‍ ശരാശരിയിൽ വ്യക്തമായ മേൽക്കൈയുണ്ട്. ഓരോ ജയം വീതം നേടിയ ജപ്പാനും കോസ്റ്ററിക്കയും 3 പോയിന്‍റ് വീതവുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സ്പെയിനെ സമനിലയിൽ തളച്ചതോടെ ജര്‍മനി അക്കൗണ്ട് തുറന്നു. വ്യാഴാഴ്ചത്തെ അവസാന റൗണ്ടിൽ ജര്‍മ്മനിക്ക് കോസ്റ്റാറിക്കയും സ്പെയിന് ജപ്പാനുമാണ് എതിരാളികള്‍. 

ആവേശം നിറഞ്ഞ സ്‌പെയിന്‍-ജര്‍മനി മത്സരത്തിനാണ് ആരാധകര്‍ സാക്ഷികളായത്. അന്‍റോണിയോ റൂഡിഗറിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും വാർ സ്പെയിന്‍റെ രക്ഷയ്ക്കെത്തി. ഒടുവില്‍ ഗോളിനായുള്ള കാത്തിരിപ്പ് അറുപത്തിരണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ട അവസാനിപ്പിക്കുകയായിരുന്നു. തിരിച്ചടിക്കാൻ ജ‍ർമനി അടവുകൾ മുഴുവൻ പുറത്തെടുത്തതോടെ എൺപത്തിമൂന്നാം മിനിറ്റിൽ ജർമനിയുടെ രക്ഷകനായി നിക്ലാസ് ഫുൾക്രൂഗ് അവതരിച്ചു. ഇരു കൂട്ടരും അവസരങ്ങള്‍ ഏറെ പാഴാക്കിയതാണ് മത്സരം സമനിലയിലേക്ക് നീങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ജയിക്കാനുറച്ച് തന്നെ ഇരു ടീമുകളും രണ്ടാം പകുതിയിൽ ഇറങ്ങിയപ്പോൾ ആദ്യ നിമിഷങ്ങളിൽ തന്നെ മൈതാനത്ത് തീപടർന്നു. ഇരു ബോക്സിലേക്കും മുന്നേറ്റങ്ങൾ എത്തി. വിജയിക്കാനായില്ലെങ്കിൽ അപകടം കാത്തിരിക്കുന്നുവെന്ന് ഉറപ്പായിരുന്ന ജർമനി ഹൈ പ്രസിം​ഗ് തന്നെ നടത്തി. എന്നാൽ, അതിവേ​ഗം പാസിം​ഗിലൂടെ മനോഹരമായി തന്നെ സ്പെയിൻ ഈ നീക്കത്തെ തകർത്തു കൊണ്ടിരുന്നു. 

മൈതാനത്ത് തീ പടർന്നു; ഇതാണ് കളി, ആവേശക്കൊടിയേറ്റം; കാൽപ്പന്ത് കളിയുടെ സൗന്ദര്യം ചോരാതെ ഒരു സമനില