Asianet News MalayalamAsianet News Malayalam

ആല്‍വാരസിന്‍റെ ഡബിള്‍ബാരല്‍! മെസി മിസൈല്‍, അസിസ്റ്റ്; അര്‍ജന്‍റീന ഫൈനലില്‍

പതി‌ഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാറാട്ടം നടത്തുകയായിരുന്നു അര്‍ജന്‍റീന

FIFA World Cup 2022 Julian Alvarez scored double Messi stars with goal and assist Argentina enter final after beat Croatia in Semi final
Author
First Published Dec 14, 2022, 2:25 AM IST

ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചപ്പോള്‍ അര്‍ജന്‍റീന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്. പതി‌ഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. 

തുടക്കമിട്ട് മെസി

സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല. ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. മോഡ്രിച്ച് കളി നിയന്ത്രിച്ചപ്പോള്‍ ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു പന്ത് കൂടുതല്‍ സമയവും. 22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ചിപ് ബാറിന് അല്‍പം മുകളിലൂടെ പോയി. പിന്നീടായിരുന്നു നാടകീയമായി മത്സരം അര്‍ജന്‍റീന കാല്‍ക്കീഴിലാക്കുന്നത്. 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി. 

പിന്നാലെ ആല്‍വാരസ് വണ്ടര്‍

വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. ആദ്യപകുതി പൂര്‍ത്തിയാകും മുമ്പ് കോര്‍ണറിലൂടെ മൂന്നാം ഗോള്‍ നേടാനുള്ള അര്‍ജന്‍റീനന്‍ ശ്രമം തലനാരിഴയ്ക്കാണ് നഷ്‌ടമായത്. ആല്‍വാരസിന്‍റെ ഷോട്ട് ഗോളിയുടെ അത്ഭുത ഡിഫ്ലക്ഷനില്‍ ഫലിക്കാതെ വരികയായിരുന്നു. 

വീണ്ടും മെസി, ആല്‍വാരസ്

58-ാം മിനുറ്റില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ലിവാകോവിച്ച് തടുത്തു. 69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. മറുവശത്ത് ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് വേദിയില്‍ നിന്ന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാവാതെ ക്രൊയേഷ്യന്‍ താരങ്ങള്‍ കിതച്ചു. 

രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. അതേസമയം ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അതേ ടീമിനെ 4-3-3 ശൈലിയില്‍ ഡാലിച്ചിന്‍റെ ക്രൊയേഷ്യ നിലനിര്‍ത്തുകയായിരുന്നു. 

അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: എമി മാര്‍ട്ടിനസ്(ഗോളി) നഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമീറോ, നിക്കോളാസ് ഒട്ടോമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയോണല്‍ മെസി, ജൂലിയന്‍ ആല്‍വാരസ്. 

ക്രൊയേഷ്യ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: ഡൊമിനിക് ലിവാകോവിച്ച്(ഗോളി), യോസിപ് യുറാനോവിച്ച്, ഡീജന്‍ ലോവ്‌റന്‍, യോഷ്‌കോ ഗ്വാര്‍ഡിയോള്‍, ബോര്‍ന സോസാ, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാന്‍ പെരിസിച്ച്. 

ലുസൈലില്‍ അര്‍ജന്‍റീനന്‍ അഴിഞ്ഞാട്ടം; മെസിക്കും ആല്‍വാരസിനും ഗോള്‍
 

Follow Us:
Download App:
  • android
  • ios