Asianet News MalayalamAsianet News Malayalam

ഫ്രാന്‍സിനെതിരായ തോല്‍വി; ബ്രസല്‍സില്‍ പൊലീസുമായി ഏറ്റുമുട്ടി മൊറോക്കോന്‍ ആരാധകര്‍, പടക്കമേറും കത്തിക്കലും

സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയിരുന്നു

FIFA World Cup 2022 Morocco fans clash with police in Brussels after lose to France
Author
First Published Dec 15, 2022, 12:41 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ ബ്രസല്‍സില്‍ ആരാധകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മൊറോക്കോന്‍ പതാകയുമായെത്തിയ ആരാധകര്‍ പൊലീസിന് നേരെ പടക്കങ്ങളും മറ്റും എറിഞ്ഞതോടെയാണ് ബ്രസല്‍സ് സൗത്ത് സ്റ്റേഷനടുത്ത് പ്രശ്‌നങ്ങളുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ആരാധകർ മാലിന്യ സഞ്ചികളും കാർഡ്ബോർഡ് പെട്ടികളും കത്തിച്ചു. ഇതോടെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ചില ആരാധകരെ കസ്റ്റഡിയില്‍ എടുത്തു. 

സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടി. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു. പകരക്കാരനായി മൈതാനത്തിറങ്ങി വെറും 44-ാം സെക്കന്‍ഡിലായിരുന്നു മുവാനിയുടെ ഗോള്‍. ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ കയറിയും ഇറങ്ങിയും കളിച്ച ഗ്രീസ്‌മാനാണ് ഫ്രാന്‍സിന്‍റെ വിജയത്തിലേക്ക് ചരടുവലിച്ചത്. മിന്നല്‍ ആക്രമണങ്ങളുമായി കിലിയന്‍ എംബാപ്പെയും തിളങ്ങി. ഒരു ആഫ്രിക്കൻ ടീമിന്‍റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. 

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍. ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്. ലുസൈലിലെ ഫൈനല്‍ പിഎസ്‌ജിയിലെ സഹതാരങ്ങളായ മെസിയും എംബാപ്പെയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും. ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. മെസിക്കും മൂന്നും എംബാപ്പെയ്ക്ക് രണ്ടും അസിസ്റ്റുകള്‍ ഈ ലോകകപ്പിലുണ്ട്. 

ഫൈനല്‍ മെസിയും എംബാപ്പെയും തമ്മില്‍; ശീതസമരം ലുസൈലില്‍ മണല്‍ച്ചൂടാവും

Follow Us:
Download App:
  • android
  • ios