Asianet News MalayalamAsianet News Malayalam

സെമിയില്‍ തോറ്റാലെന്താ, ഇത് മിറാക്കിള്‍ മൊറോക്കോ തന്നെ! ആഫ്രിക്കയുടെ, ഫുട്ബോളിന്‍റെ അഭിമാനം

ഖത്തറില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിന്‍റുമായി എഫ്‌ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായിരുന്നു മൊറോക്കോ

FIFA World Cup 2022 Morocco leaving Qatar with miracle football of Africa.
Author
First Published Dec 15, 2022, 8:01 AM IST

ദോഹ: ഫുട്ബോളിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഖത്തറിലെ മൊറോക്കോൻ കുതിപ്പ്. വമ്പൻമാരെ മുട്ടുകുത്തിച്ചും കെട്ടുകെട്ടിച്ചും മൊറോക്കോ നടത്തിയ യാത്ര ഫുട്ബോൾ ചരിത്രത്തിന്‍റെ ഭാഗമാകും. വിശ്വകിരീടത്തിലേക്കുള്ള തേരോട്ടം അൽബെയ്ത്തിൽ നിലച്ചെങ്കിലും തല ഉയർത്തി തന്നെ മടങ്ങാം അറ്റ്ലസ് സിംഹങ്ങൾക്ക്. ജിബ്രാൽട്ടർ കടലിടുക്കിൽ നിന്ന് പൊട്ടിപുറപ്പെട്ട ആ കൊടുങ്കാറ്റിൽ ആടിയുലഞ്ഞതും വീണുപോയതും ചില്ലറക്കാരല്ല എന്നതുതന്നെ കാരണം. 

അട്ടിമറികളുടെ പൂരം

സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് തോറ്റ് മടങ്ങുമ്പോഴും ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ അഭിമാന സ്‌തംഭം ആഫ്രിക്കന്‍ കരുത്തറിയിച്ച മൊറോക്കോയാണ്. ഫിഫ ലോകകപ്പില്‍ കരുത്തരായ ബെല്‍ജിയവും ക്രൊയേഷ്യയും ഒപ്പം കാനഡയുമുള്ള ഗ്രൂപ്പ് എഫിലായിരുന്നു മൊറോക്കോ. വമ്പന്‍മാരെയെല്ലാം വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കുതിച്ച മൊറോക്കോ സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീമെന്ന അഭിമാന നേട്ടവുമായാണ് ഖത്തറില്‍ നിന്ന് മടങ്ങുന്നത്. 

ഖത്തറില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിന്‍റുമായി എഫ്‌ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായിരുന്നു മൊറോക്കോ. ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചായിരുന്നു മൊറോക്കോയുടെ തുടക്കം. പിന്നാലെ ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിനും കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിനും വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനുമായി മുഖാമുഖം വന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരില്‍ 3-0ന്‍റെ ജയവുമായി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗോളി ബോനോയായിരുന്നു ഷൂട്ടൗട്ടിലെ താരം. ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മൊറോക്കോന്‍ മിറാക്കിളിന് മുന്നില്‍ തലകുനിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയവുമായി അങ്ങനെ മൊറോക്കോ ലോക ഫുട്ബോള്‍ വേദിയില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി. 

കരുത്തുറ്റ പ്രതിരോധമായിരുന്നു ടൂര്‍ണമെന്‍റില്‍ മൊറോക്കോയുടെ മുഖമുദ്ര. സെമിയില്‍ ഫ്രാന്‍സിനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ പ്രതിരോധത്തിനൊപ്പം ആക്രമണവും മൊറോക്കോന്‍ മിറാക്കിളിലുണ്ടായിരുന്നു. ഫ്രാന്‍സിനെതിരെ അൽബെയ്ത്തിൽ 2-0ന് മൊറോക്കോയുടെ കണ്ണീർ വീണെങ്കിലും ഹക്കിം സിയെച്ചും അഷ്റഫ് ഹക്കീമിയും ബോനോയുമെല്ലാം മടങ്ങുന്നത് ആഫ്രിക്കയുടെ അഭിമാനായാണ്. ഈ ലോകകപ്പില്‍ ഇതാദ്യമായായിരുന്നു മൊറോക്കോ എതിരാളികളില്‍ നിന്ന് ഗോള്‍ വഴങ്ങുന്നത്. നേരത്തെ വന്ന ഒരു ഗോള്‍ ഓണ്‍ ഗോളായിരുന്നു. ഫ്രാന്‍സിനെതിരെ അവസാന വിസില്‍ മുഴങ്ങും വരെ പോരാട്ടവീര്യം കാട്ടിയുള്ള മൊറോക്കോയുടെ മടക്കം അവരുടെ, ആഫ്രിക്കയുടെ ഫുട്ബോള്‍ സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ കിളിര്‍ക്കാന്‍ പാകത്തിലുള്ളതാണ്. 

വാലിദ് എന്ന മാസ്റ്റര്‍

മൂന്ന് മാസം മുമ്പാണ് പരിശീലകൻ വാലിദ് മൊറോക്കോന്‍ ടീമിന്‍റെ ചുമതലയേറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് മികവുറ്റ സംഘമായി ടീമിനെ വാർത്തെടുത്തു. പ്രതിരോധത്തിൽ അടിയുറച്ച് വിശ്വസിച്ചു. പ്രത്യാക്രമണത്തിന് വശ്യതയും വന്യതയുമേകി. മൂന്നാംസ്ഥാനത്തിനായി ശനിയാഴ്‌ച ക്രൊയേഷ്യയുമായി ഒന്നുകൂടി ഏറ്റുമുട്ടും മൊറോക്കോ. അതിന്‍റെ ഫലം എന്തായാലും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഉള്ളിൽ ഇതിനോടകം സ്ഥാനം നേടിക്കഴിഞ്ഞു അറ്റ്‌ലസ് സിംഹങ്ങൾ. 

മൈതാനത്തിറങ്ങി 44-ാം സെക്കന്‍ഡില്‍ ഗോള്‍; ചരിത്രമെഴുതി കോളോ മുവാനി
 

Follow Us:
Download App:
  • android
  • ios