Asianet News MalayalamAsianet News Malayalam

ഡച്ച് തന്ത്രത്തില്‍ ഇടറിവീണു, എന്നിട്ടും പൊരുതി യുഎസ്എ; ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് നെതര്‍ലാന്‍ഡ്സ്

ആദ്യാവസാനം പൊരുതിയ യുഎസ്എയെ മറികടന്ന് ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം

fifa world cup 2022 netherlands beat usa in pre quarter live updates
Author
First Published Dec 3, 2022, 10:23 PM IST

ദോഹ: ഖത്തറില്‍ ഇതുവരെ പിറന്ന അത്ഭുതങ്ങളില്‍ വിശ്വസിച്ച് ആദ്യാവസാനം പൊരുതിയ യുഎസ്എയെ മറികടന്ന് ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്. 

ഡച്ച് തന്ത്രം വിജയിച്ച ആദ്യ പകുതി

ലോക ഫുട്ബോളിലെ വമ്പന്മാരായ നെതര്‍ലാന്‍ഡ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ തുടങ്ങിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡച്ച് ഗോള്‍ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്സൈഡ് കെണിയെ തകര്‍ത്ത് ക്രിസ്റ്റ്യന്‍ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപ്പാര്‍ട്ട് കാല് കൊണ്ട് തടുത്തു. യുഎസ്എയുടെ തുടക്കത്തിലുള്ള ആക്രമണങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് മറുപടി നല്‍കിയത് അധികം വൈകാതെ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ച് കൊണ്ടാണ്. 10-ാം മിനിറ്റില്‍ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവില്‍ വലതു വിംഗില്‍ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്‍റെ ക്രോസ് ബോക്സിന് നടുവിലേക്ക് എത്തുമ്പോള്‍ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം  അനായാസം പന്ത് ഗോള്‍ പോസ്റ്റിന്‍റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു.

പൊസഷന്‍ ഫുട്ബോള്‍ കളിച്ച് ബില്‍ഡ് അപ്പിലൂടെ സമനില കണ്ടെത്താനായിരുന്നു യുഎസ്എയുടെ ശ്രമം. പക്ഷേ, പന്ത് നഷ്ടപ്പോഴൊക്കെ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ഡച്ച് താരങ്ങള്‍ എതിര്‍ ബോക്സിലേക്ക് കുതിച്ചു. 17-മിനിറ്റില്‍ ഗ്യാപ്കോ ഒരുക്കിയ നല്‍കിയ അവസരത്തില്‍ ബ്ലൈന്‍ഡിന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നത് യുഎസ്എയ്ക്ക് ആശ്വാസമായി. ഒരു ഗോള്‍ വഴങ്ങിയെങ്കിലും സര്‍വ്വം മറന്നുള്ള ആക്രമണത്തിലേക്കൊന്നും യുഎസ്എ കടന്നില്ല.

രണ്ട് ടീമുകളും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയമായി. യുഎസ്എയ്ക്ക് ആവശ്യത്തിന് പൊസഷന്‍ അനുവദിച്ച് കൃത്യം സമയത്ത് പ്രഹരം ഏല്‍പ്പിക്കാനുള്ള തക്കം പാര്‍ത്തിരിക്കുകയാണ് നെതര്‍ലാന്‍ഡ്സിന്‍റെ ഗെയിം പ്ലാനെന്ന് അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കി. അവസാന നിമിഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം യുഎസ്എ പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തിമോത്തി വിയയുടെ ഒരു തീപ്പൊരി ഷോട്ട് നെതര്‍ലാന്‍ഡ്സ് ഗോള്‍ കീപ്പര്‍ ഒരുവിധമാണ് കുത്തിയകറ്റിയത്. കളിയുടെ ഒഴുക്കിന് വിപരീതമായി ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ കൂടെ നെതര്‍ലാന്‍ഡ് സ്വന്തമാക്കി. ഒന്നാം ഗോളിന് സമാനമായി വലതു ഭാഗത്ത് നിന്ന് വന്ന ഡംഫ്രിസിന്‍റെ ക്രോസില്‍ ബ്ലിന്‍ഡ് ആണ് ഗോള്‍ നേട്ടം ആഘോഷിച്ചത്.  

തിരിച്ചടിച്ച് യുഎസ്എ, പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഡച്ച് ആഘോഷം

ഒന്നാം പകുതിയിലേക്കാള്‍ ആവേശത്തിലാണ് രണ്ടാം പാതി ആരംഭിച്ചത്. ഇരുവശത്ത് നിന്നും ഗോള്‍ കീപ്പര്‍മാര്‍ക്ക് കടുത്ത പരീക്ഷണങ്ങള്‍ നല്‍കുന്ന നീക്കങ്ങളുണ്ടായി. 50-ാം മിനിറ്റില്‍ യുഎസ്എയ്ക്ക് ലഭിച്ച കോര്‍ണറില്‍ മക്കന്‍സിയുടെ ഹെഡര്‍ നൊപ്പാര്‍ട്ട് തടഞ്ഞെങ്കിലും പുലിസിച്ചിന്‍റെ ക്രോസില്‍ റീമിന്‍റെ ശ്രമം, ഗോള്‍ ലൈനില്‍ നിന്ന് ഡച്ച് പ്രതിരോധം രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ സിമ്മര്‍മാനിലൂടെ നെതര്‍ലാന്‍ഡ്സ് മൂന്നാം ഗോളിന് അടുത്ത് വരെ എത്തിയെങ്കിലും ടര്‍ണറിന്‍റെ റിഫ്ലക്സിന് മുന്നില്‍ അത് അവസാനിച്ചു.

നൊപ്പാര്‍ട്ടിന് യുഎസ്എ താരങ്ങള്‍ വീണ്ടും തീരാ തലവേദനകള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ഇതിനിടെ 61-ാം മിനിറ്റില്‍ മെംഫീസ് ഡീപേയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ടര്‍ണറുടെ ഗോള്‍ കീപ്പിംഗ് മികവിന് മുന്നില്‍ നിഷ്പ്രഭമായി. ടീമിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുമ്പോള്‍ ഡച്ച് പടയുടെ ആക്രമണങ്ങളെ നേരിട്ട് എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തിയത് ടര്‍ണര്‍ തന്നെയായിരുന്നു. 72-ാം മിനിറ്റില്‍ കൂപ്പ്മെയ്നേഴ്സിന്‍റെ ഷോട്ട് തടുത്തിട്ട് ടര്‍ണര്‍ റീബൗണ്ടില്‍ ഡീപെയുടെ ഹെഡ്ഡറും സേവ് ചെയ്തു.

തൊട്ട് പിന്നാലെയാണ് യുഎസ്എയ്ക്ക് മത്സരത്തിലെ ഏറ്റവും വലിയ സുവര്‍ണാവസരം ലഭിച്ചത്. ഡീപെയുടെ ഗോള്‍ കീപ്പറിലേക്കുള്ള ബാക്ക് പാസ് പിഴച്ചപ്പോള്‍ റൈറ്റിന്‍റെ കാലുകളിലേക്കാണ് എത്തിയത്. മുന്നോട്ട് കയറിയ എത്തിയ നൊപ്പാര്‍ട്ടിനെ മറികടക്കാനുള്ള റൈറ്റിന്‍റെ ഫസ്റ്റ് ടച്ച് അല്‍പ്പം കടന്നുപോപ്പോള്‍ നഷ്ടമായത് ഉറച്ച ഗോള്‍ കൂടെയായിരുന്നു. ഇതിന് 76-ാം മിനിറ്റില്‍ റൈറ്റ് തന്നെ പ്രായശ്ചിത്തം ചെയ്തു. പുലിസിച്ചിന്‍റെ വലത് വിംഗില്‍ നിന്നുള്ള ലോ ക്രോസില്‍ ചെറുതായി മാത്രമേ റൈറ്റിന് ടച്ച് ചെയ്യാന്‍ സാധിച്ചുള്ളുവെങ്കിലും നൊപ്പാര്‍ട്ടിനെ കീഴടക്കാന്‍ അതുമതിയായിരുന്നു.

കളിയിലേക്ക് തിരികെയെത്തി എന്ന വിശ്വാസത്തില്‍ യുഎസ്എ പിടിമുറുക്കുമ്പോഴാണ് നെതര്‍ലാന്‍ഡ്സിന്‍റെ വക അടുത്ത പ്രഹരം ഏല്‍ക്കുന്നത്. ഇടതു വിംഗില്‍ നിന്ന് ബ്ലിന്‍ഡ് നല്‍കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന ഡംഫ്രിസിലേക്കാണ് വന്നത്. തന്‍റെ ഇടം കാല്‍ കൊണ്ട് ടര്‍ണറിന്‍റെ പ്രതിരോധക്കോട്ടയെ ഡംഫ്രിസ് പൊളിച്ചു. ഒട്ടും പതറാതെ വീണ്ടും യുഎസ്എ ആക്രമിച്ചെങ്കിലും ഒരു ഗോള്‍ നേട്ടത്തിലേക്ക് എത്താന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല. 

ആ പ്രതീക്ഷകള്‍ മങ്ങി; ഫ്രാന്‍സ് ആരാധകര്‍ക്ക് നിരാശ, സൂപ്പര്‍താരം ലോകകപ്പിനായി തിരിച്ചെത്തിയേക്കില്ല
 

Follow Us:
Download App:
  • android
  • ios