Asianet News MalayalamAsianet News Malayalam

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; നന്ദി പറഞ്ഞ് നെയ്‌മര്‍

നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

FIFA World Cup 2022 Neymar Jr thanks Brazil fans in Kerala after Qatar 2022 exit
Author
First Published Dec 16, 2022, 10:07 AM IST

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. നെയ്‌മര്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുന്നതിനിടെ കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനറികളുടെ സൂപ്പര്‍ താരം. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ തോല്‍വി. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. എന്നാല്‍ ആദ്യ കിക്കെടുത്ത റോഡ്രിഗോ ഷോട്ട് പാഴാക്കിയതില്‍ തുടങ്ങിയ സമ്മര്‍ദം അതിജീവിക്കാന്‍ കാനറികള്‍ക്കായില്ല. ക്രോയേഷ്യന്‍ ഗോളിയുടെ മിന്നും ഫോമും കാനറികള്‍ക്ക് തിരിച്ചടിയായി. 

നെയ്‌മര്‍ വീണ്ടും കളിക്കുമോ?

അതേസമയം ബ്രസീല്‍ ടീമിൽ നെയ്‌മര്‍ ജൂനിയര്‍ തുടരുമെന്നാണ് ബ്രസീലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.  ലോകകപ്പ് ക്വാര്‍ട്ടറിലെ ഉള്ളുലയ്ക്കുന്ന തോൽവിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്‌മര്‍ ജൂനിയറിന്‍റെ ആദ്യ പ്രതികരണം. എന്നാൽ നെയ്‌മറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡാനി ആൽവെസിനെ പോലുളളവരുടെ സമ്മര്‍ദ്ദം ഫലം കാണുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ബ്രസീല്‍ ജേഴ്സിയിലെ ഗോള്‍ നേട്ടത്തിൽ ഒപ്പമെത്തിയതിന് നെയ്‌മറെ അഭിനന്ദിച്ച ട്വീറ്റിൽ പെലെയും സൂപ്പര്‍ താരം മഞ്ഞക്കുപ്പായത്തില്‍ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു. 

ഒന്നും അവസാനിച്ചിട്ടില്ല; സുല്‍ത്താന്‍ നെയ്‌മര്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും- റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios