ദുഷാന്‍ബെ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്ഥാനെതിരെ നാടകീയ സമനിലയുമായി(1-1) ഇന്ത്യ. ദുഷാന്‍ബെയിലെ സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറിടൈമില്‍ ലെന്‍ ഡുംഗലിന്‍റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്‌ഗാനായി വല ചലിപ്പിച്ചത്. 

മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ തജിക്കിസ്ഥാനിലെ തണുത്ത കാലാവസ്ഥയില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും 90 മിനുറ്റുകളില്‍ വല ചലിപ്പിക്കാനായില്ല. ഇന്ത്യ പരാജയമുറപ്പിച്ച് നില്‍ക്കവെ അവസാന വിസിലിന് രണ്ട് മിനുറ്റ് മാത്രം ശേഷിക്കേ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ കോര്‍ണര്‍ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറുമായി ഡുംഗല്‍ ഇന്ത്യയുടെ മാനം കാക്കുകയായിരുന്നു.  

സമനില നേടിയെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ നില അത്ര സുഖകരമല്ല. നാല് കളിയില്‍ മൂന്ന് സമനിലയും മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്‌ഗാന്‍ 149-ാം സ്ഥാനത്തുമാണ്.