ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇറ്റലി തരിപ്പിണമാക്കിയത്

റോം: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ ഗോൾവർഷവുമായി ഇറ്റലിയും ജർമനിയും. ഇറ്റലി ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ചപ്പോള്‍ ഐസ്‍ലന്റിനെ നാല് ഗോളിന് തകർത്ത് ജർമനിയും യോഗ്യതാ മത്സരം ആവേശമാക്കി. സ്‌പെയ്‌നും ബെൽജിയവും വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടിന് സമനിലക്കുരുക്കായി ഫലം. 

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇറ്റലി തരിപ്പിണമാക്കിയത്. മോയ്സ് കീൻ ഇരട്ടഗോൾ നേടി. ഗ്രൂപ്പ് സിയിൽ ഇറ്റലിയാണ് ഒന്നാമത്. മറ്റൊരു മത്സരത്തിൽ ഐസ്‍ലൻഡിനെ ജർമനി എതിരില്ലാത്ത നാല് ഗോളിന് തകർത്തു. സെർജി ഗ്നാബ്രി, റൂഡിഗർ, ലിറോയ് സാനെ, ടിമോ വെർണർ എന്നിവരാണ് ഗോളുകൾ നേടിയത്. ആറ് കളിയിൽ 15 പോയിന്റുമായി ഗ്രൂപ്പ് ജെയിൽ ജർമനിയാണ് ഒന്നാമത്.

അതേസമയം സ്‌പെയ്‌ന്‍ കൊസോവോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. പാബ്ലോ ഫോർനൽസ്, ഫെറാൻ ടോറസ് എന്നിവരാണ് ഗോളുകൾ നേടിയത്. സ്‌പെയ്‌നും ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. ലോകറാങ്കിംങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയം ബെലാറസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഡെന്നിസ് പ്ലായെറ്റാണ് വിജയഗോൾ നേടിയത്.

എന്നാല്‍ പോളണ്ടിനെതിരെ ഇംഗ്ലണ്ട് സമനിലക്കുരുക്കില്‍പ്പെട്ടു. നായകൻ ഹാരി കെയ്‌നിന്‍റെ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും ഇഞ്ചുറിടൈമിൽ ഡാമിയൻ സിമാൻസ്‌കിയുടെ ഗോളിൽ പോളണ്ട് സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് ഐയിൽ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്.

ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം; ഗ്രീസ്‌മാന്‍റെ ഇരട്ടഗോളില്‍ ഫ്രാന്‍സിനും ജയഭേരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona