സന്തോഷമായാലും സങ്കടമായാലും അതിന്‍റെ അങ്ങേയറ്റത്തേക്ക് പോകുന്ന പതിവ് എനിക്കില്ല. ഒറ്റത്തോല്‍വികൊണ്ട് ലോകം കീഴ്മേല്‍ മറിഞ്ഞിട്ടില്ല. അവര്‍ ഒരു കളി തോറ്റു. ഇനിയും രണ്ട് കളികള്‍ അവര്‍ക്ക് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ബഹമാനവും വിശ്വാസവും അര്‍ഹിക്കുന്നു.

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന തോല്‍വി വഴങ്ങിയെങ്കിലും അവരെ എഴുതിത്തള്ളാറായിട്ടില്ലെന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഒറ്റത്തോല്‍വികൊണ്ട് ലോകം അവസാനിച്ചിട്ടില്ലെന്നും അര്‍ജന്‍റീന ശക്തമായി തിരിച്ചുവരുമെന്നും നദാല്‍ പറഞ്ഞു. അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സില്‍ കാസ്പ്ര്‍ റൂഡിനെതിരായ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നദാല്‍ ലിയോണല്‍ മെസിക്കും സംഘത്തിനുമുള്ള പിന്തുണ അറിയിച്ചത്.

സന്തോഷമായാലും സങ്കടമായാലും അതിന്‍റെ അങ്ങേയറ്റത്തേക്ക് പോകുന്ന പതിവ് എനിക്കില്ല. ഒറ്റത്തോല്‍വികൊണ്ട് ലോകം കീഴ്മേല്‍ മറിഞ്ഞിട്ടില്ല. അവര്‍ ഒരു കളി തോറ്റു. ഇനിയും രണ്ട് കളികള്‍ അവര്‍ക്ക് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ബഹമാനവും വിശ്വാസവും അര്‍ഹിക്കുന്നു. കാരണം, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായാണ് അവര്‍ ലോകകപ്പിനെത്തിയത്. പരാജയമറിയാതെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പുകളൊന്ന് നടത്തിയശേഷമാണ് അവര്‍ക്ക് കാലിടറിയത്. അതുകൊണ്ട് അവരില്‍ വിശ്വാസം നഷ്ടപ്പെടേണ്ട കാര്യമില്ല. ഞാനിപ്പോഴും വിശ്വിസിക്കുന്നത് അര്‍ജന്‍റീന ലോകകപ്പില്‍ ഒരുപാട് ദൂരം മുന്നോട്ടുപോവുമെന്ന് തന്നെയണ്-നദാല്‍ പറഞ്ഞു.

ജിയോ സിനിമയില്‍ ലോകകപ്പ് കാണാനാകുന്നില്ലെ, എങ്കില്‍ ഈ വഴികളൊന്ന് പരീക്ഷിക്കു

അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ലാ ലിഗയില്‍ കാണാന്‍ ഭാഗ്യമുണ്ടായവരാണ് ഞങ്ങള്‍ സ്പെയിന്‍കാര്‍. അദ്ദേഹം എത്രയോ സുന്ദര നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ഫുട്ബോളിന്‍റെ മാത്രമല്ല കായിക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അദ്ദേഹം-നദാല്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്‍റീനയുടെ അടുത്ത മത്സരം 28ന് മെക്സിക്കോക്കെതിരെ ആണ്. സൗദിക്കെതിരെ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയശേഷമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി അര്‍ജന്‍റീന ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. പരാജയമറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് അര്‍ജന്‍റീന ലോകകപ്പിനെത്തിയത്.