Asianet News MalayalamAsianet News Malayalam

ആ 'ഡോര്‍' അങ്ങ് അടച്ചേക്ക്! ആഫ്രിക്കയുടെ കരുത്ത് കാണിക്കാന്‍ സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍, ഇക്വഡോറിന് നിരാശ

സെനഗലിനായി സാറും കൂലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്‍റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

FIFA WORLD CUP 2022 SENEGAL BEAT ECUADOR LIVE UPDATES
Author
First Published Nov 29, 2022, 10:28 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ശക്തി എന്താണെന്ന് തെളിയിക്കാന്‍ സ്ഥാനം ഉറപ്പിച്ച് സെനഗല്‍. ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി സാറും കൂലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്‍റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

വിജയിക്കുന്നവരെ കാത്ത് പ്രീക്വാര്‍ട്ടര്‍ സ്ഥാനമാണ് ഉള്ളതെന്ന അവസ്ഥയില്‍ ഇരു ടീമുകളും രണ്ടും കല്‍പ്പിച്ചാണ് കളി തുടങ്ങിയത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ ആക്രമിക്കാനുള്ള മൂഡിലാണ് തങ്ങളെന്ന് ഇക്വഡോറിന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, ആദ്യ മിനിറ്റുകളില്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തത് സെനഗല്‍ ആണ്. ഒമ്പതാം മിനിറ്റില്‍ സബാലിയിലൂടെ ഒരു നീക്കം സെനഗല്‍ നടത്തിയെങ്കിലും ഷോട്ട് എടുത്തതില്‍ പിഴച്ചു.

ഇക്വഡോര്‍ സ്ട്രൈക്കര്‍ ദിയ ആണ് ഷോട്ട് എടുത്തത്. 12-ാം മിനിറ്റിലും സെനഗല്‍ ഇക്വഡോര്‍ ഗോള്‍ മുഖം ആക്രമിച്ചു. എസ്തുപിനാന്‍ ഒരു വളഞ്ഞിറങ്ങുന്ന ഷോട്ട് പരീക്ഷിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. വീണ്ടും സെനഗല്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, പതിയെ താളം കണ്ടെത്തിയ ഇക്വഡോര്‍ പിന്നില്‍ നിന്ന് പതിയെ നീക്കങ്ങള്‍ മെനെഞ്ഞടുത്തു തുടങ്ങി. ഇതോടെ സെനഗലിന് പന്ത് വീണ്ടെടുക്കാന്‍ ഏറെ പരിശ്രമങ്ങള്‍ വേണ്ടി വന്നു.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. സെനഗല്‍ താരം സാറിനെ ഹിന്‍കാപ്പി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. സാര്‍ തന്നെ പെനാല്‍റ്റി എടുത്തപ്പോള്‍ ഒരു ഗോള്‍ ലീഡുമായി സെനഗലിന് ആദ്യ പകുതി അവസാനിപ്പിക്കനായി. രണ്ടാം പകുതിയില്‍ കൈമെയ് മറന്ന് സമനില ഗോളിനായി പൊരുതുന്ന ഇക്വഡോര്‍ ആയിരുന്നു കളത്തില്‍. മൈതാനത്ത് സെനഗലിന്‍റെ പാതിയില്‍ തന്നെ കളി കേന്ദ്രീകരിച്ച് നിര്‍ത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ആദ്യ പകുതിയില്‍ പതിയെയുള്ള ബില്‍ഡ് അപ്പുകള്‍ക്കാണ് ഇക്വഡോര്‍ ശ്രമിച്ചതെങ്കിലും രണ്ടാം പാതിയില്‍ അതിവേഗ നീക്കങ്ങളിലേക്ക് ചുവട് മാറ്റി. ഒടുവില്‍ 67-ാം മിനിറ്റില്‍ കൈസെഡോയിലൂടെ ലാറ്റിനമേരിക്കന്‍ സംഘം സമനില ഗോള്‍ കണ്ടെത്തി. പ്ലാറ്റ എടുത്ത കോര്‍ണര്‍ ആണ് ഗോളില്‍ കലാശിച്ചത്. ബോക്സിലെ കൂട്ടയിടികള്‍ക്കൊടുവില്‍ ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന കൈസെഡോയിലേക്ക് പന്ത് എത്തി. ഗോളക്കാന്‍ താരത്തിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

അടിക്ക് തിരിച്ചടി നല്‍കാന്‍ സെനഗലിന് വേണ്ടി വന്നത് മൂന്നേ മൂന്ന് മിനിറ്റാണ്. ഇഡ്രിസാ ഗുയേയുടെ ഫ്രീകിക്കിന് ഒടുവില്‍ ഇക്വഡോറിന് ലഭിച്ചത് പോലെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൂലിബാലിയിലേക്കാണ് അവസാനം പന്ത് എത്തിയത്. താരത്തിന്‍റെ ഷോട്ട് ഇക്വഡോറിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലായി പടര്‍ന്ന് വലയില്‍ കയറി. ലീഡ് നേടിയ ശേഷവും സെനഗല്‍ ഇക്വഡോറിയന്‍ ബോക്സിലേക്ക് എത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. ഇക്വഡോറിനും ചില അവസരങ്ങള്‍ ഒരുങ്ങിയെങ്കിലും സമനില ഉറപ്പിക്കാനുള്ള ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കും സാധിച്ചില്ല. 

'പതാകയെ അപമാനിച്ചു'; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ

Follow Us:
Download App:
  • android
  • ios