Asianet News MalayalamAsianet News Malayalam

മരണ​ഗ്രൂപ്പിലെ മരണപ്പോര്; വാശിയോടെ കളിച്ച് ജർമനിയും സ്പെയിനും, ആദ്യ പകുതി ​ഗോൾരഹിതം

ഇരു ടീമുകളും എല്ലാം മറന്ന് പൊരുതുകയാണ്. കോസ്റ്ററിക്കയെ സെവൻ അപ് കുടിപ്പിച്ച് എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് സ്പാനിഷ് പോരാളികൾ ആദ്യ പകുതി തുടങ്ങിയത്. ജർമനിയുടെ ആത്മവിശ്വാസക്കുറവ് ആദ്യം തന്നെ മുതലാക്കുന്നതിനായി കടുത്ത പ്രെസിം​ഗ് തന്നെ സ്പെയിൻ താരങ്ങൾ നടത്തി.

fifa world cup 2022 spain vs germany first half report
Author
First Published Nov 28, 2022, 1:19 AM IST

ദോഹ: ഖത്തർ ലോകകപ്പിലെ മരണ ​ഗ്രൂപ്പിലെ മരണ പോരാട്ടത്തിന്റെ ആദ്യ പകുതി ആവേശഭരിതം. പ്രീക്വാർട്ടർ ഉറപ്പിക്കാൻ സ്പെയിനും നിലനിൽപ്പിനായി ജർമനിയും പൊരുതിയപ്പോൾ കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലാണ് ആദ്യ പകുതി അവസാനിച്ചത്. ഇരു ടീമുകളും എല്ലാം മറന്ന് പൊരുതുകയാണ്. കോസ്റ്ററിക്കയെ സെവൻ അപ് കുടിപ്പിച്ച് എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് സ്പാനിഷ് പോരാളികൾ ആദ്യ പകുതി തുടങ്ങിയത്. ജർമനിയുടെ ആത്മവിശ്വാസക്കുറവ് ആദ്യം തന്നെ മുതലാക്കുന്നതിനായി കടുത്ത പ്രെസിം​ഗ് തന്നെ സ്പെയിൻ താരങ്ങൾ നടത്തി.

ഇതിൽ ജർമനി ഒന്ന് വിറച്ചപ്പോൾ നാലാം മിനിറ്റിൽ തന്നെ സ്പാനിഷ് സംഘം ആദ്യ അവസരം തുറന്നെടുത്തു. പെഡ്രി, ​ഗവി, അസൻസിയോ എന്നിവർ ചേർന്ന ഒരു നീക്കത്തിൽ ഡാനി ഓൾമോയുടെ ഷോട്ട് മാന്വൽ ന്യൂയർ പണിപ്പെട്ട് ​ഗോളാകാതെ രക്ഷിച്ചു. സ്പെയിന്റെ പാസിം​ഗ് ശൈലയെ കുറിച്ച് നല്ല ​ഗൃഹപാഠം നടത്തിയെന്ന് ജർമനിയുടെ ആദ്യ നിമിഷങ്ങളിലെ നീക്കങ്ങൾ തെളിയിച്ചു. പൊസഷന് വേണ്ടി മത്സരിക്കാതെ കൗണ്ടർ അറ്റാക്കിം​ഗിലൂടെ അതിവേ​ഗം സ്പാനിഷ് ബോക്സിലെത്താനാണ് 2014ലെ ലോക ചാമ്പ്യന്മാർ ശ്രമിച്ചത്.

സ്പെയിനും അൽപ്പം ശൈലി മാറ്റി സ്വിച്ചിം​ഗ് പ്ലേ നടത്തി സ്പേസ് കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തി. 21-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ഒരു ​ഗോൾ ശ്രമവും പുറത്തേക്ക് പോയി. പതിയെ ജർമനി താളം കണ്ടെത്തി തുടങ്ങി. 24-ാം മിനിറ്റിൽ സ്പെയിൻ ​ഗോൾ കീപ്പർ ഉനെയ് സിമോണന്റെ ഒരു ക്ലിയറൻസ് നേരെ വന്നത് സെർജിയോ ​ഗ്നാർബി കാലുകളിലേക്കായിരുന്നു. ബയേൺ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയത് സ്പാനിഷ് സംഘത്തിന് ആശ്വാസം നൽകി. തൊട്ടടുത്ത നിമിഷം മറുവശത്ത് ന്യൂയറിന്റെ ഒരു ക്ലിയറൻസും പിഴച്ചു. പക്ഷേ, ഫെറാൻ ടോറസ് ഫസ്റ്റ് ടച്ച് എടുത്ത് ഷോട്ട് ഉതിർത്തപ്പോഴേക്കും റൗം രക്ഷക്കെത്തി ബ്ലോക്ക് ചെയ്തു.

ഇതിന് ശേഷം ആദ്യ നിമിഷങ്ങളിലെ അങ്കലാപ്പും സ്പെയിന്റെ ഹൈ പ്രസിം​ഗും നേരിട്ട് ജർമനി മത്സരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മെച്ചപ്പെട്ട നിലയിലുള്ള കളി പുറത്തെടുത്തു. അവസാനം ഓഫ്സൈഡ് വിസിൽ മുഴങ്ങിയെങ്കിലും 33-ാം മിനിറ്റിൽ ​ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അവസരങ്ങൾ കൂടുതൽ മെനഞ്ഞ് എടുത്തത് സ്പെയിൻ ആയിരുന്നു. എന്നാൽ, അത് ​ഗോളാക്കിയെടുക്കാനാണ് എൻ‍റിക്വയുടെ കുട്ടികൾ വിഷമിച്ചത്.

39-ാം മിനിറ്റിലാണ് ജർമനിയുടെ സ്വപ്ന നിമിഷം പിറന്നത്. കിമ്മിച്ച് എടുത്ത ഫ്രീകിക്കിൽ റൂ‍ഡി​ഗറിന്റെ ഹെഡ്ഡർ വല തുളച്ചു. വാർ തീരുമാനത്തിൽ ​ഗോൾ നിഷേധിക്കപ്പെട്ടതോടെ ആ ​ഗോൾ മറ്റൊരു സ്വപ്നമായി മാറി. അവസാന നിമിഷങ്ങളിൽ മറ്റൊരു ഫ്രീകിക്കിൽ റൂഡി​ഗറിന്റെ ഷോട്ട് സിമോൺ തടഞ്ഞിടുകയും ചെയ്തു. രണ്ടാം പകുതിയിൽ തകർപ്പൻ പോരാട്ടം നടക്കുമെന്ന് ഉറപ്പിച്ച് കൊണ്ടാണ് ഇരു സംഘങ്ങളും തിരികെ കയറിയിരിക്കുന്നത്. 

കോസ്റ്ററിക്കയെ തകർത്ത മത്സരത്തിൽ നിന്ന് ഒരു മാറ്റം മാത്രം വരുത്തിയാണ് സ്പെയിൻ ഇറങ്ങിയത്. റൈറ്റ് ബാക്കായി അസ്പലിക്വേറ്റയ്ക്ക് പകരം റയൽ മാഡ്രിഡിന്റെ ഡാനി കർവഹാൾ എത്തി. ജപ്പാനോട് തോൽവി വഴങ്ങി ടീമിൽ മാറ്റങ്ങൾ ജർമൻ കോച്ച് ഹാൻസി ഫ്ലിക്കും വരുത്തി. പ്രതിരോധത്തിൽ ച്ലോട്ടർബെക്കിന് പകരം കെഹ്റർ എത്തിയപ്പോൾ ഹാവേട്സിന് പകരം ഗോരെസ്കയും എത്തി. 

Follow Us:
Download App:
  • android
  • ios