Asianet News MalayalamAsianet News Malayalam

പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും; നെയ്‌മര്‍ക്ക് പകരം ആരിറങ്ങും?

ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂപ്പര്‍ താരം നെയ്‌മറിന് പകരം ആരിറങ്ങും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

FIFA World Cup 2022 Who will replace Neymar Brazil vs Switzerland Preview date Indian time
Author
First Published Nov 28, 2022, 9:07 AM IST

ദോഹ: ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ രാത്രി ഒൻപതരയ്ക്ക് സ്വിറ്റ്സ‍ർലൻഡിനെയും പോർച്ചുഗൽ രാത്രി പന്ത്രണ്ടരയ്ക്ക് ഉറുഗ്വേയേയും നേരിടും. കാമറൂൺ വൈകിട്ട് മൂന്നരയ്ക്ക് സെർബിയയെയും ദക്ഷിണ കൊറിയ വൈകിട്ട് ആറരയ്ക്ക് ഘാനയെയും നേരിടും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തപ്പോള്‍ പോര്‍ച്ചുഗല്‍ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. 

നെയ്‌മര്‍ക്ക് പകരമാര്?

ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂപ്പര്‍ താരം നെയ്‌മറിന് പകരം ആരിറങ്ങും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വ്യക്തമാക്കി. സ്വിസ്‌ നിരയ്ക്കെതിരെ കളി മെനയാൻ നെയ്മറും വലതുപാർശ്വം കാക്കാൻ ഡാനിലോയും ബ്രസീൽ നിരയിലുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പായിരുന്നു. സെർബിയക്കെതിരായ മത്സരത്തിൽ ഇരുവർക്കും പരിക്കേറ്റതോടെയാണ് ടീമിൽ മാറ്റംവരുത്താൻ ടിറ്റെ നിർബന്ധിതനായത്. റിസർവ് നിരയിലുള്ളവർ മികവ് തെളിയിക്കാൻ കാത്തിരിക്കുകയാണെന്നും നെയ്‌മറുടെ അഭാവത്തിൽ ആശങ്കയില്ലെന്നും ടിറ്റെ പ്രതികരിച്ചു. 

റോഡ്രിഗോ?

പകരക്കാർ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും എഡർ മിലിറ്റാവോ, ഡാനി ആൽവസ്, ഫ്രെഡ്, റോഡ്രിഗോ എന്നിവരിലേക്കാണ് ടിറ്റെ സൂചനകൾ തുറന്നിട്ടത്. ഗോൾകീപ്പറായി അലിസൺ ബെക്കർ തുടരും. പ്രതിരോധത്തിൽ ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോ അല്ലെങ്കിൽ ഡാനി ആൽവസ് എത്തും. മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ, അലക്‌സ് സാന്ദ്ര എന്നിവർക്ക് മാറ്റമുണ്ടാവില്ല. കസിമിറോ, ലൂക്കാസ് പക്വേറ്റ എന്നിവർക്കൊപ്പം നെയ്മറിന് പകരം പരിഗണിക്കുന്നത് റോഡ്രിഡോ, ഫ്രഡ് എന്നിവരില്‍ ഒരാളെയാകും. റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനമാണ് റോഡ്രിഗോ പുറത്തെടുത്തത്. മുന്നേറ്റനിരയിൽ റഫീഞ്ഞ, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവർക്ക് മാറ്റമുണ്ടാവില്ല. 

ഒടുവില്‍ ആശ്വാസ സമനില; ഇനി ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത എന്ത്? ആകാംക്ഷ കൊടുമുടി കയറി ഇ ഗ്രൂപ്പ്

Follow Us:
Download App:
  • android
  • ios