പല പരിശീലകരും ലൂസേഴ്‌സ് ഫൈനലിനോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നവരാണ്

ദോഹ: ആരും വലിയ ശ്രദ്ധ നൽകാത്ത മത്സരമാകും ഫിഫ ലോകകപ്പുകളിലെ ലൂസേഴ്‌സ് ഫൈനൽ. എന്നാൽ ടൂർണമെൻറിലെ പുരസ്കാര നിർണയത്തിൽ തോറ്റവരുടെ കലാശപ്പോരിന് പ്രസ്ക്തിയുണ്ട്. എല്ലാവരും ലോകകപ്പ് ഫൈനൽ കാത്തിരിക്കുമ്പോൾ എന്തിനാണ് ലൂസേഴ്‌സ് ഫൈനൽ. സെമിയിൽ നിരാശ ഏറ്റുവാങ്ങിയവരെ മറ്റൊരു പോരിന് ഇറക്കേണ്ടതുണ്ടോ, അങ്ങനെ പലതുണ്ട് ചോദ്യങ്ങൾ.

പല പരിശീലകരും ലൂസേഴ്‌സ് ഫൈനലിനോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നവരാണ്. നിരാശരായ സെമി ഫൈനലിസ്റ്റുകൾക്ക് ജയം തേടി മടങ്ങാനുള്ള ഒരാശ്വാസ കളി എന്നല്ലാതെ മറ്റെന്താണ് ലക്ഷ്യം എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്. പക്ഷേ, ഇതൊരു വെറും കളിയല്ല, ലോകകപ്പിലെ വ്യക്തിഗത പ്രകടനങ്ങളുടെ നേട്ടപ്പട്ടിക തിരുത്തുന്ന ചരിത്രമുണ്ട് ഈ ലൂസേഴ്സ് ഫൈനലിന്. നിശ്ചിത സമയത്ത് ലൂസേഴ്‌സ് ഫൈനലിൽ ഇതുവരെ ഗോൾ പിറക്കാതിരിന്നിട്ടില്ല. അപൂർവമായിട്ട് മാത്രമേ പെനാൽട്ടി ഷൂട്ടൗട്ടിൽ മത്സര വിജയിയെ കണ്ടെത്തേണ്ടി വന്നിട്ടുള്ളൂ. ഇതുവരെ നടന്ന 19 ലൂസേഴ്‌സ് ഫൈനലിൽ നിന്നായി 73 ഗോളുകൾ പിറന്നിട്ടുണ്ട്. 21 ലോകകപ്പ് ഫൈനലിൽ നിന്നായി 77 ഗോളേ ഉണ്ടായിട്ടുള്ളൂ.

ലോകകപ്പിലെ അതിവേഗ ഗോൾ പിറന്നത് 2002ലെ തുർക്കി-കൊറിയ ലൂസേഴ്‌സ് ഫൈനലിലാണ്. കളി തുടങ്ങി 11-ാം സെക്കൻഡിലാണ് ഹക്കാൻ സുക്കർ ആണ് ഗോൾ നേടിയത്. മൂന്നാം സ്ഥാനത്തിനുള്ള പോരിൽ ബൂട്ട് കെട്ടി സുവർണ പാദുകം വരെ സ്വന്തമാക്കിയ താരങ്ങളുണ്ട്. 1990 ലോകകപ്പ്. ഇറ്റലിയുടെ സാൽവതോർ ഷിലാച്ചി 1998ൽ ക്രൊയേഷ്യയുടെ ഡെവർ സുക്കർ 2010ൽ ജർമനിയുടെ തോമസ് മുള്ളർ എന്നിവർ ലൂസേഴ്സ് ഫൈനലിൽ ഗോളടിച്ച് ഗോൾഡൻ ബൂട്ട് നേടിയവരാണ്.

ഖത്തര്‍ ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ ഇന്നാണ്. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30ന് മൊറോക്കോയെ ക്രൊയേഷ്യ നേരിടും. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയവരാണെങ്കില്‍ മൊറോക്കോ ലോകകപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് സെമിക്ക് ഇക്കുറി യോഗ്യത നേടിയത്.

മൂന്നാം സ്ഥാനത്തിനായി മിറാക്കിള്‍ മൊറോക്കോ, എതിരാളികള്‍ ക്രൊയേഷ്യ; ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്