കേരളത്തില്‍ നിന്നുള്ള വ്ലോഗര്‍ യാദില്‍ എം ഇക്‌ബാലാണ് ഇന്ത്യന്‍ പതാകയേന്തിയ അര്‍ജന്‍റീനക്കാരിയെ ഖത്തറിലെ ലോകകപ്പ് വേദിയില്‍ കണ്ടുമുട്ടിയത്

ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കുന്നില്ലെങ്കിലും രാജ്യത്ത് ഫുട്ബോള്‍ ആവേശം അലയടിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ലോകകപ്പ് ലഹരി പ്രകടം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്.മലയാളികളുടെ ഫുട്ബോള്‍ പ്രേമം കണ്ട് അന്തംവിട്ടിരിക്കുകയാണ് ഒരു അര്‍ജന്‍റീനക്കാരി. അവരാവട്ടെ ഇന്ത്യന്‍ പതാകയേന്തിയാണ് ഇതിന് സ്വന്തം രാജ്യത്തിന്‍റെ നന്ദിയറിയിക്കുന്നത്. 

കേരളത്തില്‍ നിന്നുള്ള വ്ലോഗര്‍ യാദില്‍ എം ഇക്‌ബാലാണ് ഇന്ത്യന്‍ പതാകയേന്തിയ അര്‍ജന്‍റീനക്കാരിയെ ഖത്തറിലെ ലോകകപ്പ് വേദിയില്‍ കണ്ടുമുട്ടിയത്. അര്‍ജന്‍റീനന്‍ ആരാധികയുമായി സംസാരിക്കുന്ന വീഡിയോ യാദില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അര്‍ജന്‍റീനയുടെ മത്സരത്തിനിടെയാണ് ഇവരെ കണ്ടുമുട്ടിയത് എന്ന് വീഡിയോയില്‍ യാദില്‍ പറയുന്നു. അര്‍ജന്‍റീനന്‍ ടീമിനെ ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് ഇന്ത്യന്‍ പതാക താന്‍ ഏന്തുന്നത് എന്നാണ് അര്‍ജന്‍റീനക്കാരിയുടെ വാക്കുകള്‍. ഇരുവരും സംസാരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് ഈ വീഡിയോയെ പ്രശംസിച്ച് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീന. മറഡോണയ്ക്കും ലിയോണല്‍ മെസിക്കും വലിയ ആരാധക പിന്തുണയാണ് കേരളത്തിലുള്ളത്. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സ്നേഹം മെസിയും നെയ്മറും റൊണാള്‍ഡോയും ഒരുദിവസം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയാണ് യാദില്‍ എം ഇക്‌ബാല്‍ തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്. 

View post on Instagram

അര്‍ജന്‍റീന ഇന്ന് കളത്തില്‍

ഫിഫ ലോകകപ്പിൽ അര്‍ജന്‍റീനയ്ക്ക് ജീവന്മരണ പോരാട്ടമാണിന്ന്. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി അര്‍ജന്‍റീന വഴങ്ങിയിരുന്നു. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിന് മുന്‍പ് അര്‍ജന്‍റീന താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ലിയോണൽ മെസി അടക്കം എല്ലാ താരങ്ങളും പരിശീലനത്തിനെത്തി. മെക്‌സിക്കന്‍ ഗോളി ഒച്ചാവയെ മറികടക്കുകയാവും അര്‍ജന്‍റീനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. 

കളമശ്ശേരി പൊലീസ് വേറെ ലെവല്‍; മെസി-സിആര്‍7-നെയ്‌മര്‍ കട്ടൗട്ടുകളുമായി ലഹരിവിരുദ്ധ ക്യാംപയിന്‍