ഇറ്റലിയുടെ ദുഖവും പോര്‍ച്ചുഗലിന്‍റെ സന്തോഷവും, ഫുട്ബോള്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചത് ഇതൊക്കെ...

പലേർമോ: യൂറോ ചാമ്പ്യൻമാരായ ഇറ്റലി (Italy National Football Team) ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് (FIFA World Cup Qatar 2022) യോഗ്യത നേടാനാകാതെ പുറത്ത്. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറിടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് (Italy vs North Macedonia) മുൻ ചാമ്പ്യൻമാർക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അതേസമയം തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ (Portugal vs Turkey) ഖത്തറിലേക്ക് ഒരു ചുവടുകൂടി വച്ചു. 

ഇറ്റലിയോ പോര്‍ച്ചുഗലോ... ഒരു ടീമേ ഖത്തറിലേക്ക് ടിക്കറ്റെടുക്കൂ എന്ന് ഫുട്ബോള്‍ ലോകത്തിന് ഉറപ്പായിരുന്നു. എന്നാല്‍ 92-ാം മിനിറ്റില്‍ അലക്സാണ്ടർ ട്രജ്കോവ്സ്കിയുടെ ലോങ് റേഞ്ചർ സ്വന്തം കാണികളുടെ മുന്നിൽ അസൂറികളുടെ നെഞ്ചുപിളർത്തി. ജീവൻമരണ പോരാട്ടത്തിൽ 65 ശതമാനം പന്തടക്കമുണ്ടായിട്ടും നിർഭാഗ്യം ഇറ്റലിയുടെ വഴിമുടക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് അഞ്ച് തവണ തൊടുത്തെങ്കിലും തലവര മാറിയില്ല. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോ ചാമ്പ്യന്‍മാര്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് മടങ്ങി. 

ക്രിസ്റ്റ്യാനോയ്‌ക്ക് ആശ്വാസം, പോര്‍ച്ചുഗലിനും

സിആര്‍7 ആരാധകര്‍ കണ്ണിമചിമ്മാതെ കാത്തിരുന്ന രാത്രിയില്‍ ഒട്ടാവിയോ, ഡിയോഗോ ജോട്ട, മാത്യൂസ് ന്യൂനെസ് എന്നിവർ സ്കോറർമാരായപ്പോൾ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗൽ ഖത്തറിലേക്കുള്ള ദൂരം ഒരു ജയം മാത്രമാക്കി ചുരുക്കി. തുർക്കിയുടെ ആശ്വാസ ഗോൾ നേടിയ യിൽമാസ് 86-ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതും പോർച്ചുഗൽ ജയത്തിൽ നിർണായകമായി. ചൊവ്വാഴ്ച വിധി നിർണയ പോരാട്ടത്തിൽ നോ‍ർത്ത് മാസിഡോണിയയാണ് പറങ്കികളുടെ എതിരാളികള്‍.

അതേസമയം സൂപ്പർതാരം ഗാരെത് ബെയിലിന്‍റെ ഇരട്ട ഗോൾ മികവിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച വെയിൽസും ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം മാത്രം അകലെയെത്തി എന്നതും ശ്രദ്ധേയമാണ്. 

Scroll to load tweet…

World Cup Qualifiers : നെയ്‌മര്‍ ഗോള്‍വഴിയില്‍; ചിലെയെ പറപ്പിച്ച് ഗോള്‍ ആറാട്ടുമായി ബ്രസീല്‍