പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പില്‍സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി.

പാരീസ്: പോര്‍ച്ചുഗലിന് പിന്നാലെ ഖത്തര്‍ ലോകകപ്പിന്(Qatar World Cup) നേരിട്ട് യോഗ്യത നേടാതെ യൂറോ കപ്പ് (Euro Cup)ജേതാക്കളായ ഇറ്റലിയും(Italy) യോഗ്യതാ റൗണ്ടിൽ വടക്കന്‍ അയര്‍ലന്‍ഡിനെതിരായ(Northern Irelnad) അവസാന മത്സരത്തിൽ സമനില വഴങ്ങിയതോടെ ഇറ്റലി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല. യൂറോപ്യന്‍ ചാംപ്യന്മാരായ ഇറ്റലിക്ക് ഇതോടെ, മാര്‍ച്ചിൽ തുടങ്ങുന്ന പ്ലേ ഓഫില്‍ കളിക്കേണ്ടിവരും.

പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. അവസാന മത്സരത്തിൽ ബൾഗേറിയയെ മറുപടിയില്ലാത്ത 4 ഗോളിന് സ്വിസ് ടീം തോൽപ്പിച്ചു. നോഹ ഒകാഫോ, റൂബന്‍ വാര്‍ഗസ്, സെഡ്രിക് ഇറ്റന്‍, റെമോ ഫ്രൂലര്‍ എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന് 18ഉം ഇറ്റലിക്ക് 16ഉം പോയിന്‍റാണുള്ളത്.

അനായാസം ഇംഗ്ലണ്ട്

സാൻമാരിനോയക്ക് എതിരെ ഗോള്‍വര്‍ഷവുമായി ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. മറുപടിയില്ലാത്ത 10 ഗോളിനാണ് ജയം. എവേ മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ റെക്കോര്‍ഡ് ജയമാണിത്. ഹാരി മഗ്വിയര്‍ ആറാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.15 മിനിറ്റിനിടെ നായകന്‍ ഹാരി കെയ്ന്‍ നാല് ഗോള്‍ നേടി. 27, 31, 39, 42 മിനിറ്റുകളിലണ് കെയ്ന്‍ ഗോള്‍ നേടിയത്.പുതുമുഖം എമിൽ സ്മിത്ത് റോ, ടൈറോൺ മിങ്ക്സ്, ടാമി എബ്രഹാം, ബുക്കോയോ സാക എന്നിവരും ഗോള്‍ നേടി ഇംഗ്ലണ്ടിന് സമനില നേടിയാൽ പോലും ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാമായിരുന്നു.

ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയ സ്കോട്ടിഷ് വീര്യം

അതേസമയം, ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ഡെൻമാർക്ക് സ്കോട്‍ലൻഡിനോട് തോറ്റു. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് സ്കോട്ടിഷ് ജയം. ജോൺ സൗട്ടാര്‍ , ചെ ആഡംസ് എന്നിവര്‍ ഗോൾ നേടി.

നെതര്‍ലന്‍ഡ്സിന്‍റെ വിധി ഇന്നറിയാം

ലോകകപ്പിന് നെതര്‍ലന്‍ഡ്സ് നേരിട്ട് യോഗ്യത നേടുമോയെന്ന് ഇന്നറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതര്‍ലന്‍ഡ്സ് ഇന്ന് നോര്‍വെയെ നേരിടും. ഗ്രൂപ്പില്‍ നിലവില്‍ 20 പോയിന്‍റുമായി നെതര്‍ലന്‍ഡ്സ് ഒന്നാമതും,18 പോയിന്‍റുളള തുര്‍ക്കി രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് സമനില നേടിയാലും നെതര്‍ലന്‍ഡ്സിന് യോഗ്യത ഉറപ്പിക്കാം. അതേസമയം നെതര്‍ലന്‍ഡസ് തോൽക്കുകയും, മോണ്ടിനെഗ്രോക്ക് എതിരെ തുര്‍ക്കി ജയിക്കുകയും ചെയ്താൽ, ഡച്ച് പട പ്ലേ ഓഫ് ഘട്ടത്തിലേക്ക് നീങ്ങും.

യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ഫ്രാന്‍സ്, ഫിന്‍ലന്‍ഡിനെയും ബെൽജിയം വെയിൽസിനെയും നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.15നാണ് എല്ലാ മത്സരങ്ങളും തുടങ്ങുക.