ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.
അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ നാടകീയ വിജയത്തിന് പിന്നാലെ അർജന്‍റീന ക്യാമ്പ് കനത്ത നിയമക്കുരുക്കിലേക്ക്. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള 'ഫോക്ക്‌ലാൻഡ് ദ്വീപ്' രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ച കളിസ്ഥലത്തെ പെരുമാറ്റദൂഷ്യത്തിന് അര്‍ജന്‍റീനക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നു. അറ്റ്ലാന്‍റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പിച്ച് ഫൈനൽ ടിക്കറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഭവം. ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.
ലാസ് മാൽവിനാസ് സൺ അർജന്‍റീനാസ് (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേതാണ്) എന്ന് സ്പാനിഷിൽ എഴുതിയ ബാനറാണ് ഇവർ ഉയർത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് വേണ്ടി ലോ സെൽസോയും, മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒട്ടമെൻഡിയും മുമ്പ് ബൂട്ട് കെട്ടിയിട്ടുള്ളവരാണ് എന്നതും കൗതുകകരമാണ്. മത്സരത്തിനിടയിലോ കളിക്ക് ശേഷമുള്ള ഔദ്യോഗിക സമയത്തോ രാഷ്ട്രീയപരമോ, മതപരമോ, വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും കർശനമായി വിലക്കിയിട്ടുണ്ട്.
ഫിഫ നിയമത്തില്‍ പറയുന്നത്
കളിക്കാരുടെ ജേഴ്സിയിലോ മറ്റ് വസ്തുക്കളിലോ രാഷ്ട്രീയവും, മതപരമായതുമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകാൻ പാടില്ല. ഈ നിയമം ലംഘിക്കുന്ന കളിക്കാർക്കെതിരെയോ അല്ലെങ്കിൽ ആ രാജ്യത്തിന്‍റെ ഫുട്ബോൾ അസോസിയേഷനെതിരെയോ ടൂർണമെന്‍റ് സംഘാടകർക്കോ ഫിഫയ്ക്കോ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കാം എന്നാണ് ഫിഫയുടെയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്‍റെയും നിര്‍ദേശത്തിലുള്ളത്. ഈ നിയമപ്രകാരം വരാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ കളിക്കാർക്ക് വിലക്കോ അല്ലെങ്കിൽ കനത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ മുഴുവൻ അർജന്‍റീന ടീമും നേരിടേണ്ടി വന്നേക്കാം.
വെല്ലുവിളിച്ച് അർജന്‍റീന വൈസ് പ്രസിഡന്‍റ്
വിഷയം കായികലോകത്ത് വലിയ നയതന്ത്ര ചർച്ചയായി മാറിയിരിക്കെ, ഫിഫയെ വെല്ലുവിളിച്ച് അർജന്‍റീന വൈസ് പ്രസിഡന്‍റ് വിക്ടോറിയ വില്ലാറുവൽ രംഗത്തെത്തിയത് വിവാദം വീണ്ടും കൊഴുപ്പിച്ചു. തങ്ങളുടെ താരങ്ങൾ ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ട് ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേത് മാത്രമാണ്, കളിസ്ഥലത്തേക്ക് ആ ബാനറുകൾ കൊണ്ടുവരുന്നത് അവർ വിലക്കി, പക്ഷേ അവ ഞങ്ങളുടെ ചോരയിലും നെഞ്ചിലുമാണ് ഞങ്ങൾ കൊണ്ടുനടക്കുന്നതെന്ന കാര്യം അവർ മറന്നുപോയി എന്നായിരുന്നു വിക്ടോറിയ വില്ലാറുവൽ എക്സില്‍ കുറിച്ചത്.
എന്താണ് 'ഫോക്‌ലാൻഡിലെ തർക്കം?
അർജന്‍റീനയുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, നിലവിൽ ബ്രിട്ടന്‍റെ അധീനതയിലുള്ള ദ്വീപ് സമൂഹമാണ് ഫോക്ക്‌ലാൻഡ്. അർജന്‍റീനക്കാർ ഇതിനെ 'ലാസ് മാൽവിനാസ്' എന്നാണ് വിളിക്കുന്നത്. 19-ാം നൂറ്റാണ്ട് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഈ ദ്വീപിന്‍റെ പരമാധികാരത്തെച്ചൊല്ലി തർക്കമുണ്ട്. 1982-ൽ അർജന്‍റീനയിലെ സൈനിക ഭരണകൂടം ഈ ദ്വീപ് പിടിച്ചെടുക്കാൻ അധിനിവേശം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ ക്രൂരമായ 'ഫോക്ക്‌ലാൻഡ് യുദ്ധം' പൊട്ടിപ്പുറപ്പെട്ടു. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ അർജന്‍റീന പരാജയപ്പെടുകയും 649 അർജന്‍റീന സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും ജീവൻ നഷ്ടമാവുകയും ചെയ്തു. ചരിത്രപരമായ ഈ രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോൾ ലോകകപ്പ് വേദിയിലും എത്തിയിരിക്കുന്നത്.
