ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേടി മികച്ച ഫോമിലുള്ള ബെല്ലിങ്ഹാം, കടുത്ത ദേഷ്യത്തോടെ ബാർക്കോയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു.

അറ്റ്‌ലാന്‍റ: ഫിഫ ലോകകപ്പ് സെമിഫൈനലിൽ അർജന്‍റീനയോട് തോറ്റ് ഇംഗ്ലണ്ട് പുറത്തായതിന് പിന്നാലെ നാടകീയ രംഗങ്ങൾക്കും സംഘർഷത്തിനും സാക്ഷ്യം വഹിച്ച് അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെന്‍സ് മൈതാനം. തോൽവിയുടെ നിരാശയിൽ നിയന്ത്രണം വിട്ട ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, അർജന്‍റീനയുടെ യുവതാരം വാലന്‍റീൻ ബാർക്കോയുടെ തലയ്ക്കടിക്കുകയായിരുന്നു. മത്സരത്തിന് ശേഷമുള്ള താരങ്ങളുടെ വാക്കുതർക്കവും കൈയാങ്കളിയും അടങ്ങിയ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

ടൂർണമെന്‍റീലുടനീളം ഇംഗ്ലണ്ടിന്‍റെ രക്ഷകനായിരുന്ന ബെല്ലിങ്ഹാമിന് അർജന്‍റീനയുടെ പ്രതിരോധക്കോട്ട തകർക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന ഏഴ് മിനിറ്റുകളിൽ ലിയോണൽ മെസിയുടെ മാന്ത്രിക അസിസ്റ്റുകളിൽ നിന്ന് എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടീനസും ഗോളുകൾ നേടി അർജന്‍റീനയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചതോടെയാണ് ബെല്ലിങ്ഹാമിന്‍റെ നിയന്ത്രണംവിട്ടത്. റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ടൂർണമെന്‍റിൽ നിന്ന് പുറത്തായതിന്‍റെ നിരാശയിൽ മൈതാനത്ത് തനിച്ചുനിന്ന ബെല്ലിങ്ഹാമിനെ ആദ്യം ഒരു അർജന്‍റീന താരം ആശ്വസിപ്പിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വാലന്‍റീൻ ബാർക്കോ സഹതാരങ്ങൾക്കൊപ്പം ഗ്രൂപ്പ് ഹഗ്ഗിനായി ബെല്ലിങ്ഹാമിന് സമീപത്തേക്ക് എത്തി. ഈ സമയം ബാർക്കോ ബെല്ലിങ്ഹാമിനെ നോക്കി എന്തോ പ്രകോപനപരമായ പരാമർശം നടത്തിയതാണ് റയൽ മാഡ്രിഡ് താരത്തെ ചൊടിപ്പിച്ചത്.

ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേടി മികച്ച ഫോമിലുള്ള ബെല്ലിങ്ഹാം, കടുത്ത ദേഷ്യത്തോടെ ബാർക്കോയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു. തുടർന്ന് ബാർക്കോ ബെല്ലിങ്ഹാമിനെ തിരിച്ചു തള്ളുകയും ചെയ്തു. ഉടനടി ഇരുപക്ഷത്തെയും മറ്റ് കളിക്കാർ ഓടിയെത്തി ഇരുവരേയും പിടിച്ചുമാറ്റിയതിനാലാണ് രംഗം കൂടുതൽ വഷളാകാതിരുന്നത്.

Scroll to load tweet…

ഞങ്ങൾക്കും ഇംഗ്ലണ്ട് ആരാധകർക്കും ഇത് വളരെ സങ്കടകരമായ ദിവസമാണ്. ഞങ്ങൾ നന്നായി കളിച്ചു, അവസാനം വരെ പോരാടി, പക്ഷേ ജയിക്കാൻ അത് മതിയാകുമായിരുന്നില്ലെന്നായിരുന്നു മത്സരശേഷം ബെല്ലിങ്ഹാമിന്‍റെ വൈകാരികമായ പ്രതികരണം. മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം, അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കാണിച്ച തന്ത്രങ്ങളുടെ പേരിൽ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഈ വിമർശനങ്ങളെ ജർമ്മൻ പരിശീലകൻ പൂർണ്ണമായും തള്ളി.

Scroll to load tweet…

കഴിഞ്ഞ മത്സരങ്ങളിൽ ഞാൻ അറ്റാക്കിങ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇവിടെ കളിക്കാരെ സഹായിക്കാനാണ് ഞാൻ ശ്രമിച്ചത്. ഗോൾ വഴങ്ങിയതിന് പിന്നാലെ പ്രതിരോധത്തിൽ വലിയ വിടവുകൾ കണ്ടതിനാലാണ് അഞ്ച് ഡിഫൻഡർമാരിലേക്ക് മാറാൻ തീരുമാനിച്ചത്. കളി തോൽക്കുമ്പോൾ പരിശീലകനെ കുറ്റം പറയുന്നത് എളുപ്പമാണ്, തോല്‍വിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് തോമസ് ടുഷേൽ പറഞ്ഞു.

സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് ലോകകപ്പിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും. അതേസമയം സെമി ഫൈനൽ വിജയത്തിന് ശേഷം അർജന്‍റീന താരങ്ങൾ ഫോക്ക്‌ലാൻഡ് ദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ ഫിഫ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക