Asianet News MalayalamAsianet News Malayalam

എറിക്‌സണിന്റെ അഭാവത്തില്‍ ഡാനിഷ് പട തളര്‍ന്നു; ഫിന്‍ലന്‍ഡിന് ചരിത്ര വിജയം

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിന്റെ ജയം. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്.

Finland beat Denmark by 1-0 in Euro Cup
Author
Copenhagen, First Published Jun 13, 2021, 1:31 AM IST

കോപന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിന്റെ ജയം. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ഡെന്‍മാര്‍ക്കിന് എല്ലാംകൊണ്ടും നിരാശ മാത്രം സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരമായിരുന്നിത്. 

15 മിനിറ്റ് നേരത്തെ ശുശ്രൂഷ നല്‍കിയ ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എറിക്‌സണിന്റെ നില മെച്ചപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇരുടീമിലേയും താരങ്ങള്‍ മത്സരം പുനഃരാരംഭിക്കാന്‍ സമ്മതം മൂളുകയായിരുന്നു. ആദ്യ പകുതിയിലെ മൂന്ന് മിനിറ്റു രണ്ടാം പകുതിയുമാണ് കളിച്ചത്.

ആക്രമിച്ച കളിച്ചിരുന്നു ഡെന്‍മാര്‍ക്കിനെയല്ല പിന്നീട് കണ്ടത്. എറിക്‌സണിന്റെ അഭാവത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഡെന്‍മാര്‍ക്ക് താരങ്ങള്‍ കളിച്ചത്. 59-ാം മിനിറ്റില്‍ ഫിന്‍ലന്‍ഡ് ഗോളും നേടി. ജെറെ ഉറോനന്റെ ക്രോസില്‍ തലവച്ചാണ് പൊഹന്‍പാലോ വല കുലുക്കിയത്. ഗോള്‍കീപ്പര്‍ കാസ്പര്‍ ഷിമൈക്കളിന്റെ പിഴവിന്റെ കൂടി ഫലമായിരുന്നു ഗോള്‍. 

74-ാം മറുപടി ഗോളിന് ഡെന്‍മാര്‍ക്കിന് അവസരം ലഭിച്ചു. യൂസുഫ് പോള്‍സണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പിയറെ എമിലെ ഹോയ്ബര്‍ഗിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോള്‍ കീപ്പര്‍ ലൂകാസ് ഹ്രഡസ്‌കി രക്ഷപ്പെടുത്തുകയായിരുന്നു. 

ഫിന്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയ മാനമുണ്ട് ജയത്തിന്. അവരുടെ ആദ്യ യൂറോകപ്പ് മത്സരമാണിത്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ അവര്‍ സ്വന്തമാക്കുന്ന ആദ്യജയവും.

Follow Us:
Download App:
  • android
  • ios