മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. വലന്‍സിയയുടെ അര്‍ജന്റൈന്‍ താരം എസെക്വിയല്‍ ഗാരെയാണ് കോവിഡിന്റെ പിടിയിലായത്. ഗാരെ ഉള്‍പ്പെടെ അഞ്ച് വലന്‍സിയ താരങ്ങള്‍ക്കാണ് രോഗം പിടിപ്പെട്ടത്. എന്നാല്‍ താരങ്ങളുടെ പേരുകള്‍ ക്ലബ് പുറത്തുവിട്ടിട്ടില്ല. താരം ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവരും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കണം എന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഗാരെ അറിയിച്ചു.

അറ്റലാന്റയ്ക്ക് എതിരായ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗാരെ ഉണ്ടായിരുന്നില്ല. താരം ഇറ്റലിയിലേക്ക് യാത്രയും ചെയ്തിരുന്നില്ല. താരങ്ങള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ വലന്‍സിയയുടെ താരങ്ങള്‍ നിരീക്ഷണത്തിലായി.

യൂറോപ്പില്‍ ഇറ്റലിക്ക് ശേഷം വേഗത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്ന രാജ്യമാണ് സ്‌പെയ്ന്‍. നേരത്തെ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.