റയല്‍ മാഡ്രിഡ് ക്ലബിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുള്ള ഗാരെത് ബെയ്‌ല്‍ വെയ്‌ല്‍സിന്‍റെ എക്കാലത്തെയും മികച്ച താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്

കാര്‍ഡിഫ്: ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച് വെയ്‌ല്‍സ് ഇതിഹാസം ഗാരെത് ബെയ്‌ല്‍ ക്ലബ്, രാജ്യാന്തര ഫുട്ബോളുകളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിമൂന്നാം വയസില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വെയ്‌ല്‍സ് നായകന്‍റെ പ്രഖ്യാപനം. ഖത്തറിലെ ഫിഫ ലോകകപ്പില്‍ വെയ്‌ല്‍സ് കുപ്പായത്തില്‍ ബെയ്‌ല്‍ മൈതാനത്തിറങ്ങിയിരുന്നു.

റയല്‍ മാഡ്രിഡ് ക്ലബിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുള്ള ഗാരെത് ബെയ്‌ല്‍ വെയ്‌ല്‍സിന്‍റെ എക്കാലത്തെയും മികച്ച താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വെയ്‌ല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ കളത്തിലിറങ്ങിയതും ടോപ് ഗോള്‍ സ്‌കോററും ബെയ്‌ലാണ്. രാജ്യത്തിനായി 111 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 41 ഗോളുകള്‍ നേടി. ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 176 മത്സരങ്ങളില്‍ 81 തവണ വലകുലുക്കി. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലീഗ കിരീടവും മൂന്ന് യുവേഫ സൂപ്പര്‍ കപ്പും ഒരു കോപ്പാ ഡെല്‍ റേയും സ്വന്തമാക്കി. 

Scroll to load tweet…
Scroll to load tweet…

സതാംപ്‌ടണ്‍, ടോട്ടനം, റയല്‍ മാഡ്രിഡ് എന്നീ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ഗാരെത് ബെയ്‌ല്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ലോസ് ആഞ്ചെലെസ് എഫ്‌സിക്കായാണ് അവസാനം കളിച്ചത്. 2006ല്‍ സതാംപ്‌ടണിലായിരുന്നു സീനിയര്‍ ക്ലബ് കരിയറിന്‍റെ തുടക്കം. 2007 മുതല്‍ 2013 വരെ ടോട്ടനത്തില്‍ കളിച്ചു. സതാംപ്‌‌ടണായി 40 കളിയില്‍ അഞ്ചും ടോട്ടനത്തിനായി 146 മത്സരങ്ങളില്‍ 42 ഉം ഗോള്‍ നേടിയ താരം 2013 മുതല്‍ 2022 വരെ റയല്‍ കുപ്പായമണിഞ്ഞു. അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് റയലിലെത്തിയത്. ഇതിനിടെ 2020-2021 കാലത്ത് ലോണില്‍ ടോട്ടനത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ടോട്ടനത്തിലേക്കുള്ള മടങ്ങിവരവില്‍ 20 കളിയില്‍ 11 തവണ വല കുലുക്കി. ഇതിന് ശേഷം 2022ലാണ് ലോസ് ആഞ്ചെലെസ് എഫ്‌സിയിലേക്ക് ചേക്കേറിയത്. ലോസ് ആഞ്ചെലെസ് 12 കളിയില്‍ രണ്ട് ഗോളാണ് നേടിയത്.

പോര്‍ച്ചുഗല്‍ പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസ്; ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത