ലോകകപ്പിൽ പരാഗ്വയ്‌ക്കെതിരെ നടന്ന മത്സരത്തിൽ യുഎസ്എ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്എയ്ക്ക് വേണ്ടി ഫോലെരിൻ ബലോഗൺ ഇരട്ട ഗോളുകൾ നേടി തിളങ്ങി.
ലോസ് ഏഞ്ചൽസ്: മൗറീഷ്യയോ പോച്ചെട്ടീനോയുടെ കീഴിൽ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി യുഎസ്എ. പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ തകർത്തത്. എ.സി മിലാൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ പരാഗ്വായ്ക്ക് വില്ലനായി എത്തിയത് എഎസ് മൊണോക്കോയുടെ ഇരുപത്തിനാലുകാരൻ ഫോലെരിൻ ബലോഗൺ ആയിരുന്നു. ഇരട്ട ഗോളുകൾ നേടി പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരവും ഫോലെരിൻ ബലോഗൺ ഈ മത്സരത്തിൽ സ്വന്തമാക്കിയിരുന്നു.
ആഴ്‌സണൽ യൂത്ത് അക്കാദമിയിലൂടെ കളി തുടങ്ങിയ ബലോഗൺ ഈ സീസണിൽ മൊണോക്കോയ്ക്ക് വേണ്ടി ലീഗ് വണ്ണിൽ മുപ്പത് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയിട്ടുണ്ട്. മൊണോക്കോയുടെ പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും ഈ വർഷം ബലോഗൺ സ്വന്തമാക്കിയിരുന്നു. 2023 മുതൽ യുഎസിന് വേണ്ടി കളിക്കുന്ന ബലോഗൺ ഇതുവരെ 28 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടിയിട്ടുണ്ട്. ജൂൺ 20 ന് ഓസ്‌ട്രേലിയയുമായും 26 ന് തുർക്കിയുമായാണ് ഇനി യുഎസ്എക്ക് മത്സരമുള്ളത്. അതുകൊണ്ട് തന്നെ ബലോഗൺ ഇനിയും ഗോൾ നേടുമോ എന്നും ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നുണ്ട്.

ഈ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ സെൽഫ് ഗോളിലൂടെ യുഎസ് ആണ് ആദ്യം മുന്നിലെത്തിയത്. പാരഗ്വായ് പൊരുതി നോക്കിയെങ്കിലും യുഎസ് പ്രതിരോധം ഭേദിക്കാൻ തക്കവണ്ണമുള്ള ആക്രമണങ്ങളൊന്നും തന്നെ പരാഗ്വൻ മുന്നേറ്റത്തിൽ നിന്നുമുണ്ടായില്ല. ആശ്വാസഗോൾ നേടിയത് എഴുപത്തിമൂന്നാം മിനുട്ടിൽ മൗറീഷ്യയോ മാത്രം. അപ്പോഴേക്കും യുഎസ് ആധിപത്യം മത്സരത്തിൽ സമ്പൂർണ്ണമായിരുന്നു. രണ്ട് പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്തുകൊണ്ട് ഏഴാം മിനിറ്റിൽ പരാഗ്വൻ കോർട്ടിലേക്ക് കുതിച്ചുകയറിയ പുലിസിച്ചിന്റെ മിന്നും പാസ് കൈമാറുന്നതിനിടെ പരാഗ്വൻ താരം ഡാമിയൻ ബോബെഡില്ലയുടെ കാലിൽ തട്ടി ഗോൾ വലകുലുങ്ങി. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ബലോഗൺ ഇരട്ട ഗോളുകൾ നേടി അമേരിക്കൻ ആധിപത്യം പൂർണ്ണമാക്കിയിരുന്നു.



