ഈ വിമര്‍ശിക്കുന്ന മലയാളികള്‍ ലിയോണല്‍ മെസിയെയോ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയോ അടുത്തു കിട്ടിയാല്‍ ഇതിലും വലുത് ചെയ്യും. മെസിയും റൊണാള്‍ഡോയുമൊക്കെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ്. നമ്മള്‍ നമ്മളെക്കാള്‍ ജിവന് തുല്യം സ്നേഹിക്കുന്ന താരങ്ങളാണ്.
തിരുവനന്തപുരം: ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനിടയിലും കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ചയിലാണിപ്പോള്‍. ഐഎസ്എല്ലില്‍ എഫ് സി ഗോവക്കെതിരെ 35വാര അകെലെനിന്ന് വണ്ടര്‍ ഗോളടിച്ച കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇവാന്‍ കല്യൂഷ്നിയുടെ കാലെടുത്ത് കമന്‍റേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഷൈജു ദാമോദരന്‍ ഉമ്മവെച്ചതിനെച്ചൊല്ലിയുള്ള ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ഷൈജു ഇത് കേരളത്തിന്‍റെ ഉമ്മയാണെന്ന് പറഞ്ഞതിനെച്ചൊല്ലിയാണ് ചര്‍ച്ച. വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിക്കുകയാണ് ഷൈജു ഇപ്പോള്‍. ഇത്തവണ ലോകകപ്പ് കമന്‍ററി ബോക്സില്‍ ഉണ്ടാവില്ലെന്നും കമന്‍ററിയുടെ ഉത്തരവാദിത്തമില്ലാതെ ലോകകപ്പ് ആസ്വദിക്കാനായി ഖത്തറിലേക്ക് പോകുകയാണെന്നും ഷൈജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്
വിവേകബുദ്ധിയില്ലാത്ത, സഹൃദയരല്ലാത്ത, സരസഹൃദയരല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല. മലയാളികളുടെ മൊത്തം അവകാശം ഈ വിമര്‍ശകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടുണ്ടോ. എനിക്കും നിങ്ങള്‍ക്കും എല്ലാം ഒരേ അവകാശമാണ്. വിമര്‍ശിക്കുന്നവര്‍ കേരളത്തെ തീറെഴുതിയെടുക്കേണ്ട. ഞാനും മലയാളിയാണ്. ഈ വിമര്‍ശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാന്‍ ഉമ്മവെച്ചത്. എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്. ഇതിനെക്കാള്‍ പ്രധാനപ്പെട്ട എന്തെല്ലാം വിഷയങ്ങളുണ്ട് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍. പ്രബുദ്ധരെന്ന അവകാശപ്പെടുന്ന മലയാളിയുടെ മനസിലെ പൊള്ളത്തരമാണിത് കാണിക്കുന്നത്.
കല്യൂഷ്നിയുടെ കാലെടുത്ത് ഉമ്മവെച്ചതില്‍ എന്താണ് തെറ്റ്

ഞാനൊരു സാധാരണക്കാരില്‍ സാധാരണക്കാരാനായൊരു ഫുട്ബോള്‍ ആരാധകനാണ്. ഞാന്‍ അങ്ങേയറ്റത്തെ ഫുട്ബോള്‍ പണ്ഡിതനാണെന്നോ ലോക ഫുട്ബോളിന്‍റെ അരയും തലയും തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അരച്ചുകലക്കി കുടിച്ച് വിശകലനം ചെയ്യുന്ന ഫുട്ബോള്‍ ബുദ്ധിജീവിയാണെന്നോ അവകാശപ്പെട്ടിട്ടില്ല. അങ്ങനെ ഒരു പദവി നിങ്ങളെനിക്ക് തരണമെന്നും പറഞ്ഞിട്ടില്ല. ഫുട്ബോള്‍ ഒരു വികാരമാണെന്ന് പറയുകയും എഴുതുകയും ചെയ്യുന്നവര്‍ പോലും അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നുപോലും അറിയാത്ത മലയാളികളാണ് നമുക്കിടയിലുള്ളത്. എനിക്ക് ഫുട്ബോള്‍ ഒരു വികാരമാണ്. എന്‍റെ ആരാധനാ കേന്ദ്രമെന്ന് പറയുന്നത് ഫുട്ബോള്‍ കളിക്കുന്ന ഇടങ്ങളാണ്.
എന്‍റെ ആരാധനാപാത്രങ്ങളെന്ന് പറയുന്നത് എന്‍റെ മുന്നില്‍ എന്നെ സന്തോഷിപ്പിക്കുന്ന ഫുട്ബോള്‍ താരങ്ങളാണ്. ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ മൈതാനത്ത് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതോ എനിക്ക് ചെയ്യാന്‍ കഴിയാത്തതോ ആയ അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ കാണുമ്പോള്‍ അവരുടെ കാല്‍തൊട്ട് വന്ദിക്കുന്നതിലോ ഉമ്മവെക്കുന്നതിലോ എന്താണ് തെറ്റ്. എനിക്ക് ചെയ്യാനാവാത്ത അമാനുഷികമായ കാര്യങ്ങള്‍ ചെയ്തയാളാണ് കല്യൂഷ്നി. ആ ഇടതുകാലുകൊണ്ട് രണ്ടു ഗോള്‍ അദ്ദേഹം അടിച്ചു കഴിഞ്ഞു.
ഈസ്റ്റ് ബംഗാളിനെതിരെയും കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെയും. ഗോവക്കെതിരെ 35വാര അകലെ നിന്ന് നേടിയ ഗോള്‍ ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളാണ്. ഫുട്ബോളിനെ ഹൃദയം കൊണ്ടാണ് ഞാന്‍ സമീപിക്കുന്നത്. തലച്ചോറുകൊണ്ടല്ല. കല്യൂഷ്നിയുടെ ആ ഗോള്‍ എന്നെ അത്രമേല്‍ ആകര്‍ഷിക്കുകയും ആ കാഴ്ച എനിക്ക് സമ്മാനിച്ച ആളോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും ഇഷ്ടവും കലര്‍ന്നൊരു വികാരവും തോന്നിയാല്‍ അദ്ദേഹത്തെ അടുത്തുകിട്ടിയാല്‍ ഞാനാ ഇടതുകാലെടുത്ത് ഉമ്മവെക്കുന്നതില്‍ എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.
മെസിയെയും റൊണാള്‍ഡോയെയും കിട്ടിയാല്‍ ഇതിലും വലുത് ചെയ്യും

ഈ വിമര്‍ശിക്കുന്ന മലയാളികള്‍ ലിയോണല്‍ മെസിയെയോ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയോ അടുത്തു കിട്ടിയാല്‍ ഇതിലും വലുത് ചെയ്യും. മെസിയും റൊണാള്‍ഡോയുമൊക്കെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ്. നമ്മള്‍ നമ്മളെക്കാള്‍ ജിവന് തുല്യം സ്നേഹിക്കുന്ന താരങ്ങളാണ്. ഞാനിന്ന് ഖത്തറിലേക്ക് പോകുകയാണ്. മെസിയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെയും ഏറ്റവും അടുത്ത സുഹൃത്താണ്. മെസിയെന്ന ജീവിക്കുന്ന ഇതിഹാസത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയാല്‍ ഞാന്‍ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്യും. കാരണം, എന്‍റെ കാലഘട്ടത്തില്‍ എന്നെ പന്ത് കളികൊണ്ട് എന്നെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്ത മാന്ത്രികന്‍മാരെ കാണുമ്പോള്‍ ഞാന്‍ പരിസരം മറക്കും. ഇരുമ്പുകൊണ്ടോ ലോഹം കൊണ്ടോ നിര്‍മിക്കപ്പട്ട ശരീരവും ഹൃദയവുമൊന്നുമല്ല എന്‍റേത്. ഉമ്മയോ ആലിംഗനമോ സ്വീകരിക്കുന്ന ആള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പിന്നെ എന്താണ് പ്രശ്നം.
നമുക്ക് ചെയ്യാന്‍ കഴിയാത്തൊരു അമാനുഷിക കാര്യം മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപോലെ നമ്മള്‍ തുള്ളിച്ചാടും. നമ്മള്‍ ഏതെല്ലാം തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണെങ്കിലും നമ്മള്‍ ഫുട്ബോള്‍ ആസ്വദിക്കുന്ന കൊച്ചുകുട്ടിയാവും. ഉമ്മകൊടുക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം. ഇത് ചര്‍ച്ച ചെയ്യുന്നത് ചെയ്തോട്ടെ. കല്യൂഷ്നിയുടെ കാലുകളെടുത്ത് ഉമ്മവെച്ചത് തികച്ചും ആത്മാര്‍ത്ഥയയോടെ, സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണെന്ന് 110 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.
ലോകകപ്പ് ആസ്വദിക്കണം അതുകൊണ്ട് ഇത്തവണ കമന്‍ററി ഇല്ല
ഖത്തറില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇത്രയും അടുത്ത് ലോകകപ്പ് നടക്കുമ്പോള്‍ അത് നേരില്‍ക്കാണാന്‍ പോകുക എന്നതാണ് ഇത്തവണ പ്ലാന്‍. നാലുവര്‍ഷം കഴിഞ്ഞ് അമേരിക്കയിലാണ് ലോകകപ്പ്. അപ്പോഴേക്കും നമ്മള്‍ ഉണ്ടാവുമെന്നോ പോകാന്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് കമന്‍ററിയുടെ ഉത്തരവാദിത്തമില്ലാതെ ലോകകപ്പ് ആസ്വദിക്കാനാണ് ഇത്തവണ പ്ലാന്‍. ഗ്യാലറിയിലിരുന്ന് ഉന്‍മാദിയായ മനുഷ്യനായി ലോകകപ്പ് ആസ്വദിക്കാനാണ് ഇത്തവണ പ്ലാന്‍. അതിന് ഖത്തറിലേതിനേക്കാള്‍ മികച്ച അവസരമില്ല. ബ്രസീല്‍, അര്‍ജന്‍റീന, ഇംഗ്ലണ്ട് ടീമുകളുടെ ടിക്കറ്റുകള്‍ എനിക്ക് കിട്ടി. അതുപോലെ അവിടെ താമസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ കിട്ടി. പിന്നെ എങ്ങനെ പോകാതിരിക്കാനാവും-ഷൈജു പറഞ്ഞു നിര്‍ത്തി.
