കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിന്‍റെ തനിയാവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം എന്ന പ്രത്യേകതയുമുണ്ട്.
കണ്ണൂര്‍: മലബാർ ഫുട്ബോളിന്‍റെ ആവേശത്തിന് തിരികൊളുത്തി സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, തൃശൂർ മാജിക് എഫ്.സിയെ നേരിടും.
കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിന്‍റെ തനിയാവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം എന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ പത്തുപേരായി ചുരുങ്ങിയിട്ടും തൃശൂരിനെ തകർത്തുവിട്ട ആത്മവിശ്വാസവുമായാണ് കണ്ണൂർ വാരിയേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ പന്തിറങ്ങുന്നത്. തദ്ദേശീയരായ എട്ട് കളിക്കാരും ആറ് വിദേശ താരങ്ങളും ഉൾപ്പെടുന്ന കരുത്തുറ്റ നിരയാണ് പരിശീലകൻ ആന്ദ്രേ ചെർനിഷോവിന് കീഴിൽ കണ്ണൂരിനായി രംഗത്തിറങ്ങുന്നത്. സ്പാനിഷ് താരം അസിയർ ഗോമസ്, കാമറൂൺ താരം ഏണസ്റ്റീൻ ലവ് സാംബ എന്നിവരാണ് കണ്ണൂരിന്‍റെ മുന്നേറ്റനിരയിലെ പ്രധാനികൾ.
മറുഭാഗത്ത്, സ്പാനിഷ് പരിശീലകനായ കാനഡ പെരസ് തന്ത്രങ്ങൾ മെനയുമ്പോൾ കടുത്ത പോരാട്ടം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് തൃശൂർ മാജിക് എഫ്.സി. കഴിഞ്ഞ സീസണിലെ മികച്ച ഗോൾകീപ്പറായ കമാലുദ്ദീനും മധ്യനിരയിലെ പരിചയസമ്പന്നനായ ലെനി റോഡ്രിഗസും അണിനിരക്കുന്ന തൃശൂർ നിര തിരിച്ചടിക്ക് സജ്ജമാണ്.
ആകെ ആറ് ടീമുകളാണ് ഇത്തവണയും സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിനായി ഇക്കുറി പ്രത്യേക 'സൂപ്പർ ലീഗ് കേരള ഷീൽഡ്' ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലീഗ് മത്സരങ്ങളിൽ 90 മിനിറ്റിൽ കളി സമനിലയിലായാൽ വിജയികളെ കണ്ടെത്താൻ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുമെന്നതും ഇത്തവണത്തെ പ്രധാന മാറ്റമാണ്. വൈകുന്നേരം നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് പുറമേ, മത്സര ഇടവേളയിൽ പ്രശസ്ത റാപ്പർ ഡബ് സി അവതരിപ്പിക്കുന്ന ലൈവ് ഷോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
