മാഞ്ചസ്റ്റര്‍: ലീഗ് കപ്പ് സെമിഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി. രണ്ടാംപാദ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി ഒന്നേകാലിന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

രണ്ടുഗോൾ കടവുമായാണ് യുണൈറ്റഡ് സിറ്റിയുടെ മൈതാനത്തിറങ്ങുന്നത്. മൂന്നാഴ്‌ച മുൻപ് ഏറ്റുമുട്ടിയപ്പോൾ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു യുണൈറ്റഡിന്റെ തോൽവി. ഇതിന് സിറ്റിയുടെ മൈതാനത്ത് മറുപടി നൽകുമെന്ന് കോച്ച് സോൾഷെയർ വ്യക്തമാക്കി. പോൾ പോഗ്‌ബ, മാർക്കസ് റഷ്‌ഫോർഡ് എന്നിവരടക്കം ആറുതാരങ്ങൾ പരുക്കിന്റെ പിടിയിലായത് യുണൈറ്റഡിന് തിരിച്ചടിയാണ്.

പ്രീമിയർ ലീഗിൽ കിരീടമോഹം ഏറക്കുറെ അവസാനിച്ച സിറ്റിക്ക് ലീഗ് കപ്പിൽക്കൂടി തിരിച്ചടിയേൽക്കാനാവില്ല. സെർജിയോ അഗ്യൂറോയുടെ സ്‌കോറിംഗ് മികവിനെയാണ് ഗാർഡിയോള ഉറ്റുനോക്കുന്നത്. കെയ്ൽ വാക്കറും റഹീം സ്റ്റെർലിംഗു തിരിച്ചെത്തുന്നത് സിറ്റിക്ക് കരുത്താവും. സിറ്റിയും യുണൈറ്റഡും 181 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 74ൽ യുണൈറ്റഡ് 54ൽ സിറ്റിയും ജയിച്ചു.