മറഡോണയുടെ കൈയ്യൊപ്പ് സ്വന്തമാക്കുന്ന തന്‍റെ രക്ഷകനെത്തുമെന്ന പ്രതീക്ഷയിൽ തമ്മനത്തെ വാടകമുറിയിൽ അൻവർ കാത്തിരിക്കുകയാണ്

കൊച്ചി: ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയുടെ കൈയ്യൊപ്പ് പതിഞ്ഞ ടീഷർട്ട് വിൽപ്പനയ്ക്ക്. ഫോർട്ട് കൊച്ചി സ്വദേശി അൻവറാണ് ജീവിത പ്രാരാബ്ദങ്ങളെ തുടർന്ന് തന്‍റെ കൈവശമുള്ള നിധി വിൽക്കുന്നത്. ദുബായിൽ മറഡോണയുടെ സ്വകാര്യ ബാർബറായി ജോലി ചെയ്തപ്പോഴാണ് അൻവർ എന്ന മുഹമ്മദ് നൗഫലിന് അമൂല്യസമ്മാനം കിട്ടിയത്. 

ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിൽ അൻവർ പലതും നേടി, അതിൽ പലതും കൈവിട്ട് പോയി. എങ്കിലും എട്ട് വർഷം മുൻപാണ് ആ ഭാഗ്യം ലഭിച്ചത്. ദുബായ് അൽവാസൽ ക്ലബ്ബിന്‍റെ ബ്യൂട്ടി പാർലറിലെ ജോലിക്കിടയിൽ. ക്ലബിന്‍റെ പരിശീലകനായി മറ‍ഡോണ എത്തിയപ്പോൾ മുടി വെട്ടാൻ അവസരം കിട്ടിയത് അൻവറിന്. ആദ്യ കാഴ്ചയിലെ സ്നേഹം പിന്നീട് മൂന്ന് വർഷവും തുടർന്നു. അങ്ങനെ ഒരിക്കലാണ് മകന്‍റെ പിറന്നാൾ ദിനത്തിൽ ദൈവത്തിന്‍റെ കൈയ്യൊപ്പ് സ്വന്തമാക്കാനായത്.

തിരികെ നാട്ടിലെത്തിയപ്പോൾ സ്വന്തമെന്ന് കരുതിയതിൽ ചിലത് നഷ്‌ടമായിരുന്നു. പലയിടത്തും ജോലി ചെയ്‌ത് മുന്നോട്ടുപോയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും തളർത്തി. കൊവിഡ് കാലത്ത് മുന്നിലുള്ള വഴിയെല്ലാം അടഞ്ഞപ്പോഴാണ് സുഹൃത്ത് കൈവശമുള്ള നിധിയുടെ വില്‍പന സാധ്യതയെപറ്റി ആരാഞ്ഞത്. സ്വന്തമായി ഒരു ബാർബർ ഷോപ്പാണ് അൻവറിന്‍റെ സ്വപ്‌നം. മറഡോണയുടെ കൈയ്യൊപ്പ് സ്വന്തമാക്കുന്ന തന്‍റെ രക്ഷകനെത്തുമെന്ന പ്രതീക്ഷയിൽ തമ്മനത്തെ വാടകമുറിയിൽ അൻവർ കാത്തിരിക്കുകയാണ്. 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു. 60കാരനായ ഇതിഹാസ ഫുട്ബോളര്‍ ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫുട്‌ബോള്‍ പ്രേമികളെ കണ്ണീരിലാഴ്‌ത്തി അദേഹത്തിന്‍റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു. 

YouTube video player

Diego Maradona Watch : ദുബായില്‍ വച്ച് മോഷണം പോയ മറഡോണയുടെ ആഡംബര വാച്ച് അസമില്‍! ഒരാള്‍ പിടിയില്‍