മത്സരത്തിൽ സ്വീഡൻ നേടിയ നാലാം ഗോളാണ് മൈതാനത്ത് നാടകീയ രംഗങ്ങൾക്കും കൗതുകത്തിനും വഴിവെച്ചത്.
മോണ്ടെറെ: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അപൂർവ സാങ്കേതിക വിപ്ലവത്തിന് സാക്ഷ്യം വഹിച്ച് മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയം. ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സ്വീഡൻ തകർത്തുവിട്ട മത്സരത്തിലാണ് ക്രിക്കറ്റ് പ്രേമികൾക്ക് മാത്രം പരിചിതമായ 'സ്നിക്കോമീറ്റർ' സാങ്കേതികവിദ്യ ഒരു ഫുട്ബോൾ ഗോളിന്‍റെ വിധി നിർണ്ണയിച്ചത്.
മത്സരത്തിൽ സ്വീഡൻ നേടിയ നാലാം ഗോളാണ് മൈതാനത്ത് നാടകീയ രംഗങ്ങൾക്കും കൗതുകത്തിനും വഴിവെച്ചത്. പകരക്കാരനായി കളത്തിലിറങ്ങി വെറും 18 സെക്കൻഡുകൾക്കകം സ്വീഡിഷ് മധ്യനിര താരം മാറ്റിയാസ് സ്വാൻബെർഗ് ടുണീഷ്യൻ വലകുലുക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ പകരക്കാരൻ എന്ന റെക്കോർഡോടെ താരം ആവേശത്തിൽ ആറാടിയെങ്കിലും, അസിസ്റ്റന്‍റ് റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ ആഹ്ളാദം നിമിഷനേരം കൊണ്ട് നിരാശയ്ക്ക് വഴിമാറി.
ഓഫ്‌സൈഡ് കെണി പൊളിച്ച 'സ്നിക്കോ'
ഫ്രീ കിക്കിൽ നിന്നുയർന്നുവന്ന പന്ത് സ്വാൻബെർഗ് വലയിലെത്തിക്കുമ്പോൾ താരം ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നായിരുന്നു റഫറിയുടെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, പന്ത് തന്നിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് മുന്നേറ്റനിര താരം അലക്സാണ്ടർ ഇസാക്കിന്‍റെ ബൂട്ടിൽ നേരിയ രീതിയിൽ തട്ടിയിട്ടുണ്ടെന്നും, അതിനാൽ ഇത് ഓഫ്‌സൈഡ് അല്ലെന്നും സ്വീഡിഷ് താരങ്ങൾ വാദിച്ചു.
തുടർന്ന് വാർ (VAR) റഫറിമാർ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് ഇസാക്കിന്‍റെ ബൂട്ടിൽ പന്ത് തട്ടിയോ എന്ന് ഉറപ്പിക്കാൻ കഴിയാത്തത്ര സൂക്ഷ്മമായിരുന്നു ആ നിമിഷം. ഇതോടെയാണ് ഫുട്ബോളിൽ സാധാരണയായി ഉപയോഗിക്കാത്ത ക്രിക്കറ്റിലെ 'സ്നിക്കോമീറ്റർ' സാങ്കേതികവിദ്യ റഫറിമാർ പ്രയോജനപ്പെടുത്തിയത്. പന്ത് ബൂട്ടിലോ ബാറ്റി ലോ തട്ടുമ്പോഴുണ്ടാകുന്ന സൂക്ഷ്മമായ ശബ്ദതരംഗങ്ങൾ തിരിച്ചറിയുന്ന അൾട്രാ-എഡ്ജ് സംവിധാനം വഴി, പന്ത് ഇസാക്കിന്‍റെ ബൂട്ടിനെ കടന്നുപോയ കൃത്യം സെക്കൻഡിൽ ഗ്രാഫിൽ വലിയ വ്യതിയാനം (Spike) രേഖപ്പെടുത്തിയതായി കണ്ടെത്തി. ഈ ശക്തമായ തെളിവോടെ റഫറി ഓഫ്‌സൈഡ് തീരുമാനം തിരുത്തുകയും സ്വീഡന് അനുകൂലമായി ഗോൾ അനുവദിക്കുകയുമായിരുന്നു.
ടുണീഷ്യയെ കശക്കിയെറിഞ്ഞ് സ്വീഡിഷ് പടയോട്ടം
സാങ്കേതികവിദ്യയുടെ നാടകീയതകൾക്കപ്പുറം കളിയിലുടനീളം സ്വീഡന്‍റെ കനത്ത ആധിപത്യമാണ് ഗ്രൂപ്പ് എഫിലെ ഈ പോരാട്ടത്തിൽ കണ്ടത്. യാസിൻ അയാരിയുടെ വെടിയുണ്ടപോലെയുള്ള ഷോട്ടിലൂടെയാണ് സ്വീഡൻ ഗോൾവേട്ട തുടങ്ങിയത്. പിന്നീട് അലക്സാണ്ടർ ഇസാക്കും വിക്ടർ ഗ്യോകെറസും ടുണീഷ്യൻ പ്രതിരോധത്തെ തകർത്തുതരിപ്പണാക്കി ഗോളുകൾ നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അയാരി തന്റെ രണ്ടാം ഗോളും തികച്ചതോടെ സ്വീഡൻ 5-1 ന്റെ വമ്പൻ വിജയം പൂർത്തിയാക്കി. ജയത്തോടെ നെതർലൻഡ്‌സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി. ജൂൺ 20-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ശക്തരായ നെതർലൻഡ്‌സിനെയാണ് സ്വീഡൻ നേരിടുക. മറുവശത്ത് ടുണീഷ്യ അടുത്ത മത്സരത്തിൽ ജപ്പാനെ നേരിടും.
